കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേര്‍ മരിച്ചു.
മലയോര മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. കണ്ണൂര്‍ മാട്ടറ വനത്തില്‍ ഉരുള്‍പ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി. കൂടുതല്‍ യൂണിറ്റുകള്‍ അടുത്ത ദിവസമെത്തും.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട്ടിലും കോഴിക്കോടും വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി. നിലമ്പൂരിലും ഉരുള്‍പ്പൊട്ടലുണ്ടായി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിലമ്പൂരില്‍ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മലപ്പുറം പോത്തുക്കല്ലില്‍ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടു.
മൂവാറ്റുപുഴയാര്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടന്‍പുഴ, കടവൂര്‍, നേര്യമംഗലം ഭാഗത്തും മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.
Discussion about this post