കാര്‍ പെട്ടെന്ന് വെട്ടിച്ചു, നെറ്റി ഇടിച്ചു; പിന്നെ ഒന്നും ഓര്‍മ്മയില്ലെന്ന് ലക്ഷ്മി ബാലഭാസ്‌ക്കര്‍, പക്ഷേ വാഹനം ഒടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മൊഴി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ കാറപകടത്തെ സംബന്ധിച്ച് സിബിഐ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ വീട്ടിലെത്തി ഭാര്യ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സഹോദരന്‍ പ്രസാദ്, അമ്മ ഓമനകുമാരി എന്നിവരില്‍നിന്നും മൊഴിയെടുത്തിരുന്നു. സികെ ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം.

അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നെന്ന് ആവര്‍ത്തിക്കുകയാണ് ലക്ഷ്മി. കൊല്ലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനുശേഷവും അര്‍ജുന്‍ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായിതോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓര്‍മയില്ലായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷ്ണു സോമസുന്ദരവും പ്രകാശന്‍തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്നത് തെറ്റാണെന്നും സംഗീതപരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശനെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍കാലംമുതല്‍ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. ഹോട്ടല്‍ അടുക്കള നിര്‍മാണത്തിന് സാധനങ്ങള്‍ നല്‍കുന്ന ബിസിനസില്‍ ബാലഭാസ്‌കറും പങ്കാളിയായിരുന്നു.

പാലക്കാട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബാലു അവിടെ ചികിത്സയ്ക്കുപോയി. ഒരുതവണ പണം കടം നല്‍കിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലഭാസ്‌കറിന് സാമ്പത്തികബാധ്യതകളില്ല. പണം കൈകാര്യംചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

Exit mobile version