കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റും മഴയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു.
ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. വയനാട് തവിഞ്ഞാലിലാണ് വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചത്. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു.
കോഴിക്കോട് പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി.
മഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളില്‍ ശക്തമായ കടലേറ്റവുമുണ്ടായി. കണ്ണൂരില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.