തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ശക്തമായ മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതാണ് തീവ്ര മഴക്ക് കാരണം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
തീവ്ര മഴക്ക് ഒപ്പം ശക്തമായ കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ശനിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. കണ്ണൂരിന്റെ തീരമേഖലകളില്‍ അതിശക്തമായ കാറ്റ് വീശി. ആയിക്കര, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഇടുക്കിയില്‍ മഴയും കാറ്റും ശക്തമായതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിതുടങ്ങി. ജില്ലയിലെ ഹൈറേഞ്ച് മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.
സേനാപതി കനകപ്പുഴയില്‍ മണ്‍തിട്ടയിടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു, മണ്ണിനടിയില്‍പ്പെട്ട ഗൃഹനാഥനെ സമീപവാസികള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കുടുംബം ബന്ധുവീട്ടിലേക്ക് മാറി. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി മുത്തുക്കുട്ടിയുടെ വീടിന്റെ ചുറ്റുമതിലും അടുക്കളയും വന്‍ മരത്തിന്റെ കൊമ്പ് അടര്‍ന്ന് വിണ് തകര്‍ന്നു.
Discussion about this post