തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കാൻ സിബിഐ എത്തി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയിൽനിന്നും സിബിഐ സംഘം മൊഴിയെടുക്കുകയാണ്. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴി രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സിബിഐ സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്.
സർക്കാർ ഉത്തരവിന് പിന്നാലെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങൾക്ക് മുമ്പാണ് സിബിഐ ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്‌ഐആറും സിബിഐ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ബാലഭാസ്‌കർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഒക്ടോബർ രണ്ടിനും മരിച്ചു.
ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മാനേജറായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും അടക്കമുള്ള സുഹൃത്തുക്കൾ സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ ശക്തമായത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുകയായിരുന്നു.
Discussion about this post