തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തെ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങൾക്കിടെ നിർണ്ണായക വെളിപ്പെടുത്തലുമായി പരിശോധിച്ച ഡോക്ടർ. അപകടത്തിന് പിന്നാലെ എത്തിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ് ബാലഭാസ്‌കറിനെ ബോധരഹിതനായ നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്ന വാദം തള്ളി രംഗത്തെത്തിയിരിക്കുന്നത്. അപകടദിവസം കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസൽ മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിനു ബോധം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി.
കാറിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നു പറയുകയും കൈ അനക്കാൻ സാധിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്‌തെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. സ്വബോധത്തിലായിരുന്ന ബാലഭാസ്‌കർ ഭാര്യയെയും മകളെയും അന്വേഷിച്ചെന്നും ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഫൈസൽ പറഞ്ഞതായി മനോരമയാണ് റിപ്പോർട്ട് ചെയ്തത്.
അടുത്ത ദിവസങ്ങളിലായി കലാഭവൻ സോബി സ്വകാര്യ ചാനലിനോട് നടത്തിയ ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ഉയർന്നിരുന്നു. ബാലഭാസ്‌കർ അപകടത്തിന് മുമ്പുതന്നെ കൊല്ലപ്പെട്ടിരുന്നെന്നും റോഡ് തടഞ്ഞ് എത്തിയ ഗുണ്ടാസംഘം ബാലഭാസ്‌കറിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. താൻ അക്രമികളെ കണ്ടെന്നും ദുരൂഹത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോബി രംഗത്തെത്തുകയായിരുന്നു.
അതേസമയം, കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളെ തള്ളുന്ന തരത്തിലാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. അപകടത്തെക്കുറിച്ച് ഡോക്ടർ ഫൈസൽ പറയുന്നതിങ്ങനെ: കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലർച്ചെയാണ് ഓർത്തോ വിഭാഗത്തിനു മുന്നിൽ ട്രോളിയിൽ ബാലഭാസ്‌കറിനെ കാണുന്നത്. പ്രശസ്തനായതിനാൽ വേഗം തിരിച്ചറിയാനായി. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞു. പുറമേ ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നില്ല.അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും അവർക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചു. അവർക്ക് കുഴപ്പമില്ലെന്ന് മറുപടി നൽകി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കർ അന്വേഷിച്ചു. ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു.
കൈകൾ ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും തളർന്നു പോയെന്നും ബാലഭാസ്‌കർ പറഞ്ഞപ്പോൾ താൻ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ആംബുലൻസുമായി ബന്ധുക്കൾ എത്തിയത്. ആംബുലൻസിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടർ പറഞ്ഞു.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മകൾ തേജസ്വിനി തൽക്ഷണം മരിച്ചിരുന്നു. ബാലഭാസ്‌കർ ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടിന് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ പ്രതികളായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കളടക്കം സംശയം ഉന്നയിച്ചത്. അപകടം സംബന്ധിച്ച് കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.