പാലക്കാട്: കഞ്ചിക്കോട്ട് റെയിൽപാളത്തിന് സമീപത്തായി മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സഹപ്രവർത്തകരായ തൊഴിലാളികൾ. മരിച്ച ജാർഖണ്ഡ് സ്വദേശി ഹരി ഓമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ തൊഴിലാളികൾ ഇപ്പോഴും പ്രതിഷേധിക്കുകയാണ്. സംഭവം കൊലപാതകമാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
മരിച്ച മൂന്ന് തൊഴിലാളികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നണ്ട്. ഹരി ഓം, കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. കഞ്ചിക്കോട് ഐഐടി ക്യാമ്പസിന് സമീപത്തെ റെയിൽപ്പാളത്തിനടുത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിലെ പരിക്കുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ തൊഴിലാളികൾ ഇത് അംഗീകരിക്കുന്നില്ല.
ഹരി ഓമിനെ സമീപവാസികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തൊഴിലാളികൾ ആരോപിച്ചു. ഇന്നലെ രാത്രി പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും മൃതദേഹങ്ങൾ നീക്കാൻ തൊഴിലാളികൾ സമ്മതിച്ചില്ല. ഹരി ഓമിന്റെ മൃതദേഹം ഐഐടി ക്യാമ്പസിനകത്ത് എത്തിച്ച അതിഥിത്തൊഴിലാളികൾ പോലീസിനെ തടയുകയും കല്ലെറിയുകയും ചെയ്തു. പിന്നീട് പാലക്കാടുനിന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി. രണ്ടുപേരുടെ മൃതദേഹങ്ങൾ പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനകൾക്ക് ശേഷം മാത്രമേ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികളുണ്ടാകുകയുള്ളൂ. എന്നാൽ ഹരി ഓമിന്റെ മൃതദേഹം കൂടി കൊണ്ടുപോയ ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.
Discussion about this post