കൊച്ചി: നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന് പൃഥ്വിരാജിനെയും തോളത്തിട്ട് ആശുപത്രിയിലേക്കോടുമ്പോള്‍ അമ്മ നന്ദിനിയുടെ കൈയിലുണ്ടായിരുന്നത് ആകെ 100രൂപ മാത്രം. അമ്മൂമ്മ യശോദയുടെ ബാങ്ക് അക്കൗണ്ടില്‍ വെറും 13 രൂപയാണ് അവശേഷിക്കുന്നത്.
കൈയ്യില്‍ പണമില്ലാത്തതിനാലാണ് ചികിത്സ തേടി മൂന്ന് വയസ്സുകാരനുമായി അമ്മയും അമ്മൂമ്മയും സര്‍ക്കാര്‍ ആശുപത്രികളില്‍ കയറിയിറങ്ങിയത്. കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ അലഞ്ഞ ഇവര്‍ക്ക് തുണയായത് ബാബു വര്‍ഗീസ് എന്ന ഓട്ടോ ഡ്രൈവറാണ്.
കുട്ടിയുടെ ജീവനും കൈയ്യില്‍ പിടിച്ച് രക്ഷിക്കണമെന്നും ആശുപത്രിയിലെത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ച അമ്മയുടെ വാക്കുകള്‍ കേട്ട ബാബു അവര്‍ക്ക് സൗജന്യയാത്ര നല്കി. ഒപ്പം ചികിത്സയ്ക്ക് തന്റെ കൈയ്യിലുണ്ടായിരുന്ന 500 രൂപയും കൊടുത്തു. എന്നാല്‍ ആ ഓട്ടപ്പാച്ചിലിന് ഫലമുണ്ടായില്ല.
കടം വാങ്ങിയെങ്കിലും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ കൊച്ചുമകന്റെ ജീവന് രക്ഷിക്കാമായിരുന്നു എന്ന് കണ്ണീരടക്കാനാവാതെ യശോദ പറയുന്നു. പൃഥ്വിരാജിന് ഒന്‍പത് മാസം മാത്രം പ്രായമുള്ളപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു നന്ദിനി.
സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിയായിരുന്നു പിന്നീട് കുടുംബത്തിന്റെ ഏക ആശ്രയം. എന്നാല്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് നന്ദിനിക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ യെശോദ വീട്ടുജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മൂവരും കഴിഞ്ഞിരുന്നത്.
Discussion about this post