കൊച്ചി: നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന് അമ്മ നാല് കുപ്പി നിറമുള്ള മധുരപാനീയവും പഴംപൊരിയും വാങ്ങിക്കൊടുത്തിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി. ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞിന് പഴവും വെള്ളവും നല്‍കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും ഇതനുസരിച്ചാണ് അമ്മ നന്ദിനി പൃഥ്വിരാജിന് മധുരപാനീയവും പഴംപൊരിയും വാങ്ങിക്കൊടുത്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിന് പഴവും വെള്ളവും നല്കാന്, പഴം കിട്ടാതിരുന്നതോടെ പഴംപൊരി വാങ്ങി പുറത്തെ മൈദ നീക്കം ചെയ്താണ് നല്‍കിയത്. നാണയം വിഴുങ്ങിയ ശേഷം ഇതല്ലാതെ കുട്ടി മറ്റൊന്നും കഴിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.
ഒരു രൂപയുടെയും 50 പൈസയുടെയും രണ്ട് നാണയങ്ങള്‍ പൃഥ്വിരാജ് വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നാണയങ്ങള്‍ വന്‍കുടലിന്റെ അറ്റത്തു വരെ എത്തിയിരുന്നതിനാല്‍ ഇതല്ല കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
ഇതിനു പിന്നാലെയാണ് മരണകാരണം കണ്ടെത്താനായി കുഞ്ഞിന്റെ ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കു നല്‍കിയത്. കാക്കനാട് രാസ പരിശോധനാ ലാബില്‍ നടക്കുന്ന പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post