കുടുംബത്തിലെ രണ്ട് പേര്‍ക്ക് കോവിഡ്, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് കോവിഡ് നിരീക്ഷണത്തില്‍. ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍ പോയത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സ്വന്തം വീട്ടിലാണ് ബിപ്ലബ് കുമാര്‍ ദേബ് ക്വാറന്റീനില്‍ കഴിയുന്നത്. കുടുംബത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്വയം മുന്‍കരുതല്‍ സ്വീകരിച്ചത്. കോവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിരവധി നേതാക്കള്‍ക്കാണ് രാജ്യത്ത് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് കോവിഡ് 19 വൈറസ് ബാധിച്ച വിവരം അറിയിച്ചത്.

Exit mobile version