തിരുവനന്തപുരം: സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ കണ്ടെയിന്മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പോലീസിനെ ചുമതലപ്പെടുത്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. കണ്ടെയിന്മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പോലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീന്‍ ലംഘിച്ച് ചിലരെങ്കിലും പുറത്തിറങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതാണ് രോഗവ്യാപന തോത് വര്‍ധിക്കാനുള്ള പ്രധാന ഘടകം. ഇക്കാര്യങ്ങള്‍ നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പോലീസിന് നല്‍കുകയാണ്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ല എന്ന് പോലീസ് ഉറപ്പ് വരുത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ അകലം പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കണം. നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ ഇവിടെ നിന്ന് കടന്നുകളയുന്ന സംഭവങ്ങള്‍ ഉണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ പോലീസ് പെട്ടെന്ന് നടപടിയെടുക്കണം. പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ഇത് പോലീസ് നേരിട്ട് നിര്‍വഹിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനുള്ള അന്വേഷണ മികവ് അവര്‍ക്കുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ടീം പ്രവര്‍ത്തിക്കും. കോണ്ടാക്ട് ട്രേസിങ് നടത്തലാണ് ടീമിന്റെ പ്രധാന ചുമതല. പോസിറ്റീവ് ആളുകളുടെ സമ്പര്‍ക്ക പട്ടിക ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച്, ചുമതല പോലീസിന് നല്‍കുന്നു. 24 മണിക്കൂറിനകം കോണ്ടാക്ടുകള്‍ കണ്ടെത്തണം. കണ്ടെയിന്മെന്റ് സോണിലും പുറത്തും അകലം പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് 24 മണിക്കൂറും പോലീസ് നിരീക്ഷിക്കണം.
ആശുപത്രികള്‍, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്ക്കറ്റ്, വിവാഹ വീടുകള്‍, മരണ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശവും ഉപദേശവും നല്‍കാന്‍ സംസ്ഥാന പോലീസ് നോഡല്‍ ഓഫീസറായ കൊച്ചി കമ്മീഷണര്‍ വിജയ് സാഖറയെ നിശ്ചയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേര്‍തിരിച്ച് കണ്ടെയിന്മെന്റ് സോണാക്കും. ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിക്കും. മാറ്റം പോസിറ്റീവ് രോഗികളുടെ പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്തുകൊണ്ടായിരിക്കും. ഇവിടങ്ങളില്‍ ഇപ്പോഴുള്ളത് പോലെത്തന്നെ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകും.
ഈ സോണിലെ ആളുകള്‍ക്ക് പുറത്തേക്കോ, മറ്റുള്ളവര്‍ക്ക് കണ്ടെയിന്മെന്റ് സോണിലേക്കോ പോകാന്‍ അനുവാദം ഉണ്ടാകില്ല. അവശ്യസാധനം വീടുകളില്‍ എത്തിക്കും. അതിന് കടകളെ സജ്ജമാക്കും. കടകള്‍ വഴി വിതരണം ചെയ്യും. അതിന് പ്രയാസമുണ്ടെങ്കില്‍ പോലീസോ, പോലീസ് വളണ്ടിയറോ അവശ്യ സാധനം വീട്ടിലെത്തിക്കും. കണ്ടെയിന്മെന്റ് സോണ്‍ ഒഴിവാക്കുന്നത് ഇതിനകത്തുള്ള പ്രൈമറി സെക്കന്ററി കോണ്ടാക്ടുകള്‍ രോഗമുക്തമായെന്ന് ഉറപ്പാക്കിയായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് സ്വാഭാവികമായും കുറച്ചധികം പ്രയാസം ആളുകള്‍ക്ക് ഉണ്ടാക്കും. രോഗം വന്ന് ജീവഹാനി ഉണ്ടാകുന്നതിലും ഭേദം പ്രയാസം അനുഭവിക്കലാണ്. സമ്പര്‍ക്കമാണ് രോഗവ്യാപനത്തിന് കാരണം. ഇതൊഴിവാക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം വേണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post