റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ
എടപ്പാള്‍: അതിജീവനത്തിന്റെ പുത്തന്‍ മാതൃകയാവുകയാണ് പ്രവാസിയായ കാളാച്ചാല്‍ സ്വദേശി അഖില്‍ എന്ന യുവാവ്.സഞ്ചരിക്കുന്ന മിനി സൂപ്പര്മാര്ക്കറ്റുമായാണ് കൊവിഡ് കാലത്ത് അഖില്‍ അതിജീവനത്തിന്റെ നല്ല പാഠം പകരുന്നത്.
കൊറോണ രൂക്ഷമാകുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് അഖില്‍ വിവാഹം കഴിക്കാനായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.ഗള്‍ഫില്‍ ഡ്രൈവറായിരുന്നു അഖില്‍. ഹണിമൂണൊക്കെ ആസ്വദിച്ച് തിരിച്ച് ഗള്‍ഫില്‍ പോകാനിരിക്കെയാണ് കൊവിഡ് രൂക്ഷമായത്. അതോടെ പുതിയ ജീവിതത്തില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളല്ലാം പാടെ തകര്‍ന്നു.പഴയതുപോലൊരു ലോകവും ജീവിതവും കാത്തിരുന്നെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാവുകയായിരുന്നു.
ജീവിതം ചോദ്യചിഹ്നമായപ്പോള്‍ അഖില്‍ ഒരു തീരുമാനമെടുത്തു. എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന്.ഗള്‍ഫ് നഷ്ടപ്പെട്ട പ്രവാസിയുടെ ജീവിതം ഭീകരമാണെന്ന് അഖിലിന് ബോധ്യമായി.തളര്‍ന്നുപോയ അഖില്‍ പതുക്കെ മാനസികമായി കരുത്താര്‍ജ്ജിച്ചു.കാര്യങ്ങളെ വിത്യസ്ഥമായി ചെയ്താല്‍ വിജയിക്കുമെന്ന് ഭാര്യ ഓര്‍മിപ്പിച്ചു. ആ വാക്കുകള്‍ കൂടുതല്‍ കരുത്തേകി. അങ്ങനെ ഒരു സെക്കന്റ് ഹാന്റ് ഓംനി വാന്‍ വാങ്ങി. എന്നിട്ട് ഒരു മിനി സൂപ്പര്മാര്ക്കറ്റിലുണ്ടാവുന്ന മുഴുവന്‍ സാധനങ്ങളും ഹോള്‍സെയില്‍ വിലക്ക് വാങ്ങി വാഹനത്തില്‍ വില്‍പ്പന ആരംഭിച്ചു. പച്ചക്കറി, പഴങ്ങള്‍, പലവ്യജ്ഞനങ്ങള്, ബേക്കറികള്‍ തുടങ്ങി എല്ലാം ഈ വാഹനത്തിലുണ്ട്.’ വില്ലേജ് ഫ്രഷ് ഫുഡ്സ് ഫ്രീ ഹോം ഡെലിവെറി ‘ എന്ന പേരില്‍ അഖിലിന്റെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് വീടുകളിലെത്തി തുടങ്ങി.
കാളാച്ചാല്‍, പന്താവൂര്‍, നടുവട്ടം,കൊടക്കാട്ടുകുന്ന്, കോലളമ്പ് തുടങ്ങി നാടിനടുത്ത സ്ഥലങ്ങളിലാണ് വില്‍പ്പന. ഫോണ്‍ ചെയ്യുകയോ വാട്സ് ആപ്പിലേക്ക് ഒരു മെസേജ് അയക്കുകയോ ചെയ്താല്‍ സാധനങ്ങള്‍ വീട്ടുപടിക്കലെത്തും. അല്ലെങ്കിലും അഖിലിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തിയിരിക്കും. കൊവിഡ് രൂക്ഷമായ ഇക്കാലത്ത് എല്ലാവിധ ആരോഗ്യ ജാഗ്രതാ നിര്‍ദ്ധേശങ്ങളും പാലിച്ചാണ് അഖിലിന്റെ വില്‍പ്പന.അതുകൊണ്ട് തന്നെ വീട്ടുകാര്‍ക്കും ആശ്വാസം. ചുമ്മാ അങ്ങാടിയില്‍ പോയി കൊറോണ വാങ്ങി വരണ്ടല്ലോ.
ഒരു മാസമായി അഖിലിന്റെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് നിരത്തിലിറങ്ങിയിട്ട്. പാവങ്ങള്‍ക്ക് കിറ്റുകള്‍ സൗജന്യമായി നല്‍കാനും അഖില്‍ മറക്കുന്നില്ല. നല്ല ലാഭത്തിലാണിപ്പോള്‍ അഖിലിന്റെ ബിസിനസ്. അഖില്‍ അതിജീവനത്തിന്റെ ഈ കാലത്ത് എല്ലാവര്ക്കും മാതൃകയാവുകയാണ്.
Discussion about this post