വളയം: ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ മികവു പുലർത്തുന്ന ഡ്രൈവർ ദീപ ഇനി ആംബുലൻസിന്റെ സാരഥിയാവും. കൊവിഡ് കാലത്ത് നിരവധി പേരുടെ ജീവരക്ഷയ്ക്കായി ദീപ ജോസഫ് എന്ന വനിതാ ഡ്രൈവർ ആംബുലൻസിന്റെ വളയം പിടിച്ചിരിക്കുകയാണ്. വിലങ്ങാട് സ്വദേശിനിയായ ദീപ ഓടിക്കുന്ന ആംബുലൻസ് തിങ്കളാഴ്ച മുതലാണ് കടത്തനാടൻ പാതകളിലൂടെ സൈറൺമുഴക്കി കുതിക്കുന്നത്.
അതേസമയം, പൊതുവെ സ്ത്രീ ഡ്രൈവർമാരില്ലാത്ത മേഖലയിൽ ആംബുലൻസ് വിട്ടുനൽകിയിരിക്കുന്നത് വളയം അച്ചംവീട്ടിലെ പ്രണവം യൂത്ത് ഡെവലപ്പ്‌മെന്റ് സെന്ററാണ്. പുളിയാവ് നാഷണൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ ബസിലെ ഡ്രൈവറായിരുന്ന ദീപയുടെ അനുഭവ സമ്പത്ത് മാത്രമാണ് പ്രണവം യൂത്ത് ഡെവലപ്പ്‌മെന്റ് സെന്റർ നോക്കിയത്.
കൊവിഡും ലോക്ഡൗണും നിത്യവരുമാനം നിലയ്ക്കാൻ കാരണമായതോടെ ദീപ മറ്റൊരു ജോലി അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് വളയത്തുള്ള സുഹൃത്ത് പ്രണവം ട്രസ്റ്റിന്റെ ആംബുലൻസിൽ ഡ്രൈവറുടെ ജോലി ഒഴിവുണ്ടെന്ന കാര്യം പറഞ്ഞത്. തുടർന്ന് ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു. വാഹനം വിട്ടുനൽകാൻ ഈ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് പൂർണസമ്മതവുമായിരുന്നു.
പ്രണവം യൂത്ത് ഡെവലപ്പ്‌മെന്റ് ഭാരവാഹികളായ സിഎച്ച് ഭാസ്‌കരൻ, സി ബാബു, സജിത്ത് കൃഷ്ണകുമാർ, സച്ചിൻ എന്നിവർ ദീപയുമായി സംസാരിച്ച് തിങ്കളാഴ്ചമുതൽ ജോലി ആരംഭിക്കാൻ നിർദേശിക്കുകയും ചെയ്തു. 15 വർഷംമുമ്പാണ് വിലങ്ങാട് ഓട്ടപ്പുന്നക്കൽ ജോസഫിന്റെ മകൾ ദീപ നാല് ചക്രവാഹനത്തിന്റെ ലൈസൻസ് സ്വന്തമാക്കിയത്.
2016ൽ പെരിന്തൽമണ്ണ ആർടിഒ ഓഫീസിനു കീഴിൽനിന്ന് ഹെവി ലൈസൻസ് കരസ്ഥമാക്കി. ഇവിടെനിന്ന് ഹെവിലൈസൻസ് നേടുന്ന ആദ്യവനിതകൂടിയായിരുന്നു ദീപ. കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് ഉടമയുമാണ് ദീപ. ഭർത്താവ് അനിൽകുമാർ തൊട്ടിൽപ്പാലത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരനാണ്. എൽബിൻ, എയ്ഞ്ചൽ എന്നിവർ മക്കൾ.
Discussion about this post