തിരൂരങ്ങാടി: കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടിയിൽ വിവാഹങ്ങൾ ലളിതവും അത്ഭുതകരവുമാവുകയാണ്. ഇപ്പോഴിതാ കാനഡയിലുള്ള വരനും ബംഗളൂരുവിലെ വധുവും ഓൺലൈനിലൂടെ വിവാഹിതരായപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൂം ആപ്പ് വഴി നിരവധിപേരാണ് സാക്ഷികളായത്. പതിവുരീതി തെറ്റിച്ച് വിവാഹ കാർമികത്വത്തിന് പുരോഹിതനില്ലാതെയാണ് ഞായറാഴ്ച ഈ മുസ്ലിം വിവാഹം നടന്നത്. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയും പ്രമുഖ ഇസ്ലാമികപണ്ഡിതനും പ്രഭാഷകനുമായ മേലേവീട്ടിൽ എംഎം അക്ബർ -എപി ലൈല ദമ്പതിമാരുടെ മകൻ അത്തീഫ് അബ്ദുറഹ്മാനും വയനാട് ചെലോട് താഴെക്കണ്ടിവീട്ടിൽ അബ്ദുനാസർ -ഹമീലിയ ദമ്പതിമാരുടെ മകൾ നൈല ജാസ്മിനുമാണ് വിവാഹിതരായത്.
അത്തീഫ് കാനഡയിലെ നോർത്ത്ബെ ഒന്റാരിയോവിൽ ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിയും നൈല ജാസ്മിൻ ബെംഗളൂരുവിൽ ഇന്റീരിയൽ ആർക്കിടെക്ചർ വിദ്യാർത്ഥിനിയുമാണ്. വിവാഹാലോചനയും പരസ്പരം ഇരുവരും കണ്ടതും പരിചയപ്പെട്ടതുമെല്ലാം ഓൺലൈൻവഴിയാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഓൺലൈനിൽ വിവാഹം നടത്താൻ തീരുമാനിച്ചത്. നിക്കാഹ് ചടങ്ങിന് ക്ഷണിച്ചുകൊണ്ട് ഓൺലൈൻ ലിങ്ക് സഹിതമുള്ള ഡിജിറ്റൽ ക്ഷണക്കത്ത് ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു.
ഞായറാഴ്ച ഇന്ത്യൻസമയം രാവിലെ 9.30ന് ചടങ്ങാരംഭിച്ചു. മകളെ വിവാഹം ചെയ്തുതന്നിരിക്കുന്നുവെന്ന് ബംഗളൂരുവിലുള്ള വധുവിന്റെ പിതാവ് കാനഡയിലുള്ള വരനെ ഇസ്ലാമികാചാരപ്രകാരം അറിയിച്ചു. ഇത് സ്വീകരിച്ചതായി വരൻ പ്രഖ്യാപിക്കുകയുംചെയ്തു. ഇത്രയുമായിരുന്നു നിക്കാഹ്.
മൗലവി അബ്ദുസലാം മോങ്ങം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഉദ്ബോധനപ്രഭാഷണവും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും ആശംസകൾ നേർന്നു.
Discussion about this post