നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മൂന്ന് വയസുകാരനായ മകന്‍ പ്രിഥ്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

കുഞ്ഞിനെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടര്‍ന്ന് അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും കൊണ്ടുപോയിരുന്നു.

കുഞ്ഞിന് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു അവിടെ നിന്ന് മടക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. എന്നാല്‍ രാത്രിയോടെ കുഞ്ഞിന്റെ നില വഷളായി. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version