ഈദ് ആഘോഷങ്ങള്‍ ചുരുക്കിയ ജനതയെ അഭിനന്ദിച്ച് പ്രൊഫസര്‍ വാസുദേവ പിള്ള. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ആള്‍ക്കൂട്ട ആഘോഷം ഒഴിവാക്കി മറ്റൊരു ത്യാഗ ചരിത്രം രചിക്കുവാന്‍ ഒരു മത വിഭാഗം തയ്യാറായിരിക്കുന്നു, ഈ തിരിച്ചറിവ് മാനവരാശിക്കാകെ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതാണെന്ന് അദ്ദേഹം കുറിക്കുന്നു. 2020ലെ ബക്രീദ് ആഘോഷത്തിന് പ്രത്യേകതകള്‍ ഏറെയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അഭിനന്ദിച്ച് രംഗത്തെത്തിയത്.
വാസുദേവ പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ;
പ്രവാചകന്‍ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓര്‍മപ്പെരുന്നാള്‍ ആണ് യഥാര്‍ഥത്തില്‍ ഈദുല്‍ അദ്ഹ. ദൈവത്തിനായി സ്വയം സമര്‍പ്പിതമായ ജീവിതമായിരുന്നു ഇബ്‌റാഹീമിന്റേത്. ജീവിത സായാഹ്നത്തില്‍ ആറ്റുനോറ്റ് ലഭിച്ച സന്താനത്തെ, ദൈവം തനിക്കായി സമര്‍പ്പിക്കണമെന്ന് അരുളിയപ്പോള്‍, സംശയലേശമന്യേ അതിനൊരുങ്ങിയവനാണ് ഇബ്‌റാഹീം. ദൈവം തന്നത്, അവന്‍ തിരിച്ചു ചോദിക്കുമ്പോള്‍ കൊടുത്തിരിക്കും എന്നതായിരുന്നു ഇബ്‌റാഹീമിന്റെ സമീപനം.
ഇബ്‌റാഹീമിന്റെ സമര്‍പ്പണ മനോഭാവത്തിന്റെ ആഴം അറിയാനുള്ള ദൈവിക പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തില്‍ അദ്ദേഹം വിജയിക്കുകയുമുണ്ടായി. എന്നാല്‍ 2020ലെ ബക്രീദാഘോഷത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മറ്റൊരു മഹാ പരീക്ഷണത്തെ അതിജീവിക്കുവാന്‍ മാനവരാകെ ഒരു മയോടെ ശ്രമിക്കുന്ന കാലമാണിപ്പോള്‍.
ഒത്തുചേരലുകളില്ലാതെ, ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മപുതുക്കി ,മുസ്ലിം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്തവണ വലിയ പെരുന്നാള്‍ ദിനം. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്നവര്‍ കൂട്ടംകൂടുന്നില്ല . ഖുര്‍ബാനി, വുളുഹിയത്ത് തുടങ്ങിയ ചടങ്ങുകള്‍ നിര്‍വഹിക്കേണ്ട സാഹചര്യത്തില്‍ മതിയായ ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കുമെന്ന് ഉറപ്പു വരുത്തിയിരിക്കുന്നു.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമായവര്‍ സാമൂഹിക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. സാഹോദര്യത്തിന്റെ സന്ദേശം ലോകത്തെമ്പാടുമുള്ള, വിവിധ ദേശക്കാരും ഭാഷക്കാരും വര്‍ണക്കാരുമായ ലക്ഷങ്ങള്‍ ഒരൊറ്റ ലക്ഷ്യവുമായി, ഒരേ പ്രാര്‍ഥന മന്ത്രങ്ങളുമായി ഒരു സ്ഥലത്ത് സംഗമിക്കുന്നതായിരുന്നു ഹജ്ജ് ചടങ്ങ്.
വിശ്വസാഹോദര്യത്തിന്റെ മഹാസമ്മേളനമായി ഹജ്ജ് പരിണമിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷങ്ങളില്‍ 35 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തിരുന്ന ഹജ്ജില്‍ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജില്‍ മാത്രമല്ല, ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലുമെല്ലാം പ്രതിഫലനം ഉണ്ടാവും. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിച്ചിരിക്കുന്നത്.
കൊറോണവൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കോവിഡ്-19 തടയുന്നതിനുവേണ്ടിയുള്ള നല്ല നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് മറ്റൊരു ത്യാഗ ചരിത്രം രചിക്കുവാന്‍ ഒരു മത വിഭാഗം തയ്യാറായിരിക്കുന്നു. മനുഷ്യനും ,മനുഷ്യത്വവുമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന തിരിച്ചറിവായാണ് നാം ഇതിനെ കാണേണ്ടത്. ഒരു മാഹാമാരിയുടെ സംഹാര താണ്ഡവത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന, മാനവരാശിക്കാകെ പ്രതീക്ഷയും പ്രത്യാശയും പകരുന്ന നല്ല നടപടികൂടിയാണിത് . ആള്‍ക്കൂട്ട ആഘോഷം ഒഴിവാക്കി, ടിവി, റേഡിയോ, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളിലൂടെ വെര്‍ച്വല്‍ ബദലുകള്‍ കണ്ടെത്താനുള്ള തീരുമാനവും അഭിനന്ദിക്കപ്പെടേണ്ടതാണ്.