തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പുല്ലുവിള പ്രദേശത്തെ വൃദ്ധ സദനത്തിൽ 35 പേർക്ക് കൊവിഡ് 19 രോഗം. 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമൂഹവ്യാപനം രൂക്ഷമായ പുല്ലുവിള മേഖലയിലാണ് വൃദ്ധ സദനം സ്ഥിതിചെയ്യുന്നത്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച 27 അന്തേവാസികളും പ്രായം ചെന്നവരാണെന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
സമൂഹ വ്യാപനം നടന്ന മേഖലകളിൽ ടെസ്റ്റിങ് വ്യാപകമാക്കിയിട്ടുണ്ട് സർക്കാർ. ഈ മേഖലയിൽ കിടപ്പു രോഗികളെയും ടെസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ആന്റിജൻ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇത്രയും പേർ പോസിറ്റീവായത്.
കണ്ടെയ്ൻമെന്റ് സോണായതിനാൽ ഗുരുതര രോഗമുള്ളവരെ മാത്രമേ പുല്ലുവിളയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയിട്ടുള്ളൂ. പ്രദേശത്ത് വെച്ച് തന്നെ വൈദ്യ സഹായമെത്തിക്കാനുള്ള നടപടികളാണ് നിലവിൽ ആരോഗ്യപ്രവർത്തകർ കൈക്കൊണ്ടിട്ടുള്ളത്. അതിനാൽ തന്നെ ഇപ്പോൾ രോഗം സ്ഥിരീകരിച്ച 35 പേരെയും ഇവിടെതന്നെ ചികിത്സിക്കാനാണ് സാധ്യത.
Discussion about this post