തിരക്കുകള്‍ മാറ്റിവെച്ച് പഠിച്ചു, സംശയങ്ങള്‍ പരസ്പരം തീര്‍ത്തു, ഒടുവില്‍ പ്ലസ് ടു പരീക്ഷയില്‍ മകനൊപ്പം മികച്ച മാര്‍ക്ക് നേടി പാസായി അച്ഛനും അമ്മയും

മലപ്പുറം: ഒരുമിച്ചിരുന്ന് പഠിച്ച് പ്ലസ്ടു പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി പാസായി അച്ഛനും അമ്മയും മകനും. മലപ്പുറം മങ്കടയിലാണ് ഈ അപൂര്‍വ പരീക്ഷയെഴുത്ത് നടന്നത്. മങ്കട വെള്ളിലയിലെ വീട്ടില്‍ കഴിഞ്ഞ രണ്ട് കൊല്ലവും 43കാരനായ വിദ്യാര്‍ത്ഥി മുഹമ്മദ് മുസ്തഫയും ഭാര്യ നുസൈബയും ഇവരുടെ മകന്‍ ഷമ്മാസും മത്സരിച്ചാണ് പഠിച്ചിരുന്നത്.

പഠിച്ച് പ്ലസ് ടു പാസാവണമെന്നത് മുഹമ്മദ് മുസ്തഫയുടെയും നുസൈബയുടെയും ആഗ്രഹമായിരുന്നു. എന്നാല്‍ മകനൊപ്പം തന്നെ പഠിച്ച് പരീക്ഷയെഴുതാമെന്ന് ഇരുവരും തീരുമാനിച്ചു. ഉമ്മയേയും ഉപ്പയേയും സഹപാഠികളായി കിട്ടിയ അപൂര്‍വ ഭാഗ്യത്തിന്റെ സന്തോഷത്തിലായിരുന്നു മകന്‍ ശമാസ്.

സംശയങ്ങള്‍ പരസ്പരം ചോദിച്ച് തീര്‍ത്തും അറിവുകള്‍ പകര്‍ന്നും മൂന്നുപേരും ഒന്നിച്ചിരുന്ന് പഠിച്ചു. അങ്ങനെ മാതാപിതാക്കള്‍ +2 തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടി പാസായി. മകന്‍ ശമാസും ഉയര്‍ന്ന മാര്‍ക്കോടെ ഹയര്‍സെക്കന്ററി കടമ്പ കടന്നു.

രണ്ട് കൊല്ലത്തിനൊടുവില്‍ ബാപ്പയും ഉമ്മയും മകനുമുള്‍പ്പെടുന്ന മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും ഉന്നത വിജയം നേടിയത് നാടിന് തന്നെ അത്ഭുതമായി. പാതിവഴിയില്‍ മുറിഞ്ഞ് പോയ വിദ്യാഭ്യാസം വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ കിട്ടിയ സന്തോഷത്തിലാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ മുഹമ്മദ് മുസ്തഫയും നുസൈബയും.

തിരക്കുകള്‍ക്കിടയിലും കൂടെയിരുന്ന് പഠിച്ചു പാസായ മാതാപിതാക്കളെക്കുറിച്ച് ശമാസിന് ഏറെ അഭിമാനമാണ്. സ്വയം പഠിച്ചും തങ്ങളുടെ മൂന്ന് മക്കളെയും പഠിപ്പിച്ചും ജീവിതവും പഠനവും മുന്നോട്ട് കൊണ്ട് പോകുമെന്ന് പ്രഖാപിക്കുന്ന ഈ വിദ്യാര്‍ത്ഥി ദമ്പതികള്‍ സമാനതകളില്ലാത്ത മാതൃക തന്നെയാണ്.

Exit mobile version