തിരുവനന്തപുരം: സർക്കാർ ഇൻഷൂറൻസ് ഉള്ളവർക്ക് മാത്രം സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യം. കാരുണ്യ ഇൻഷൂറൻസ് ഇല്ലാത്തവർ അതാത് സ്വകാര്യആശുപതികൾ നിശ്ചയിക്കുന്ന നിരക്ക് നൽകണമെന്ന് സർക്കാർ മാർഗനിർദേശം. സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് പദ്ധതിയിൽ ഉള്ളവർക്കും ചികിത്സ സൗജന്യമാണ്.
കൊവിഡ് കവച് , കൊവിഡ് രക്ഷാ ഇൻഷുറൻസ് എന്നിവ ഉള്ളവർക്കും ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും. അതേസമയം സ്വകാര്യ ആശുപത്രികൾ ഒരു കാരണവശാലും ചികിത്സ നിഷേധിക്കരുതെന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും, സർക്കാർ സംവിധാനത്തിൽ നിന്നും ചികിത്സക്കായി റഫർ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പുറത്തിറക്കിയ മാർഗരേഖ പ്രകാരം, കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്.
ജനറൽ വാർഡ് 2300 രൂപ, ഐസിയു 6500 രൂപ, ഐസിയു വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
അതിനിടെ സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളിൽ വിഐപി മുറികളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഉത്തരവ് നൽകി. ഓരോ കൊവിഡ് ആശുപത്രികളിലും മൂന്ന് മുറികൾ വീതം വി.ഐ.പികൾക്കായി തയ്യാറാക്കി വെക്കാനാണ് നിർദേശം.
Discussion about this post