കൊച്ചി: കണ്ണൂർ-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരനെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാമധ്യേ ഇയാളുടെ കൊവിഡ് പരിശോധനാഫലം വന്നതോടെയാണ് ആരോഗ്യപ്രവർത്തകർ ഉണർന്നുപ്രവർത്തിച്ച് ഇയാളെ ട്രെയിനിൽ നിന്നും കണ്ടെത്തിയത്. കന്യാകുമാരി സ്വദേശിയാണ് കൊവിഡ് 19 പരിശോധനാഫലം വരുന്നതിന് മുമ്പ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്. കോഴിക്കോട് കുന്നമംഗലത്ത് കരാർ ജോലി ചെയ്യുന്ന ഇയാൾ മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവം പരിശോധനയക്കെടുത്തിരുന്നു.
എന്നാൽ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിഞ്ഞതോടെ ഫലം വരുന്നത് കാത്തുനിൽക്കാതെ ഇയാൾ ഇന്നു രാവിലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇയാൾ കോഴിക്കോട് വിട്ടെന്നു ആരോഗ്യപ്രവർത്തകർ മനസ്സിലാക്കുകയും ട്രെയിന്റെ സഞ്ചാരപാതയായ തൃശ്ശൂരിലെ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു. പക്ഷെ, ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴേക്കും ട്രെയിൻ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടിരുന്നു. തുടർന്ന് ട്രെയിൻ എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയാണ് ഇയാളെ ഇറക്കിയത്. ഉടൻ തന്നെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ യാത്ര ചെയ്ത കമ്പാർട്ട്‌മെന്റിൽ മൂന്നുയാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരെ അവിടെ നിന്ന് മാറ്റി കമ്പാർട്ട്‌മെന്റ് സീൽ ചെയ്തു. ട്രെയിൻ യാത്ര തുടർന്നു ട്രെയിൻ തിരുവനന്തപുരത്ത് എത്തുന്നതോടെ ബോഗികളെല്ലാം അണുവിമുക്തമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കും.
Discussion about this post