തിരുവല്ല: കുളിക്കാനിറങ്ങിയ വീട്ടമ്മ കാലവര്‍ഷക്കുത്തൊഴുക്കില്‍ മണിമലയാറിലൂടെ ഒഴുകിയത് അന്‍പതിലേറെ കിലോമീറ്റര്‍ ദൂരം. വിവരമറിഞ്ഞ് വള്ളവുമായി എത്തിയ യുവാവാണ് വീട്ടമ്മയുടെ ജീവന് രക്ഷിച്ചത്. ആറിന് സമീപം താമസിക്കുന്ന ഓമന(68)യാണ് ഒഴുക്കില്‍പ്പെട്ടത്.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടക്കാന്‍ മുറിയിലേക്കു പോയതാണ് മണിമല തൊട്ടിയില്‍ വീട്ടില്‍ ഓമനയും മകന് രാജേഷും. എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയെ വീട്ടിലും പരിസരത്തുമൊന്നും കാണാനില്ല. പരിഭ്രമിച്ച രാജേഷ് മണിമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നു ഫോണെത്തി, അമ്മ അവിടെയുണ്ട്. ആശുപത്രിയില്‍ പാഞ്ഞെത്തി. അവിടെയത്തിയപ്പോഴാണ് സംഭവിച്ച കാര്യങ്ങള്‍ രാജേഷ് അറിഞ്ഞത്.
രാവിലെ മണിമലയാറ്റിലെ കുറ്റിപ്പുറത്തു കടവില്‍ കുളിക്കാന്‍ പോയതായിരുന്നു ഓമന. നന്നായി നീന്തല്‍ അറിയാവുന്ന ഓമന എന്നും രാവിലെ ആറ്റില്‍ കുളിക്കാന്‍ പോകാറുണ്ട്. ആറ്റില്‍ മഴയത്തു പൊങ്ങിയ വെള്ളം ഇന്നലെ താഴ്ന്നിരുന്നു. തുണി കഴുകുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ഓമന പറയുന്നു.
ആറ്റില്‍ കിടന്ന മുളയില്‍ തലയടിച്ചാണ് വീണത്. ഒഴുക്കില്‍പ്പെട്ടതോടെ ഈ മുളങ്കമ്പില്‍ പിടിച്ചു കിടന്നു. പുഴയിലൂടെ ഓമന ഒഴുകി പോകുന്നത് കുറ്റൂര്‍ റെയില്‍വേ പാലത്തില്‍ നിന്നവരാണ് കണ്ടത്. തുടര്‍ന്ന് വിവരം അഗ്നിരക്ഷാസേനയെയും കുറ്റൂരിലെ വള്ളക്കാരെയും അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കുറ്റൂര്‍ തയ്യില്‍പള്ളത്ത് വര്‍ഗീസ് മത്തായി എന്ന റെജി വള്ളവുമായി തോണ്ടറക്കടവിലിറങ്ങി. അപ്പോഴേക്കും ഒഴുകിയൊഴുകി ഓമന പാലത്തിനു സമീപമെത്തിയിരുന്നു. 100 മീറ്ററോളം വള്ളം തുഴഞ്ഞാണ് റെജി അടുത്തെത്തിയത്. പിടിച്ചു കയറ്റുമ്പോള്‍ ജീവനുണ്ടെന്നു മനസ്സിലായി.
ഉടന്‍ ഓട്ടോയില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ ചെറിയ മയക്കത്തിലായിരുന്നു ഓമന. ആശുപത്രിയിലെത്തി അര മണിക്കൂറിനകം ബോധം വന്നു. മകന്റെ ഫോണ്‍ നമ്പര്‍ ഡോക്ടര്‍ക്ക് നല്കി. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഓമന അപകടനില തരണം ചെയ്തതായി ഡോ. പി.കെ. ബാലകൃഷ്ണന് പറഞ്ഞു.
Discussion about this post