കൊച്ചി: ”ഒരല്പം നേരത്തേ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍, എന്റെ മോന് ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു” – കണ്ണീരടക്കാനാവാതെ ശാന്ത പറയുന്നു. കോവിഡ് ഭീതിയില്‍ ആരും അരികിലെത്താത്തതിനാല് കൃത്യസമയത്ത് ചികിത്സകിട്ടാതെയാണ് എറണാകുളം ചെറായി ചില്ലിക്കാട്ട് പ്രഭാകരന്റെയും ശാന്തയുടെയും മകനായ സാഹിഷ്(44) മരിച്ചത്.
പ്രവാസിയായ സഹിഷ് വിദേശത്തുനിന്നെത്തിയതിന് പിന്നാലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. സഹീഷിന് ക്വാറന്റീന് സൗകര്യമൊരുക്കി ഭാര്യ ഷീജയും മകള്‍ ഋതുപര്‍ണയും ഷീജയുടെ വീട്ടിലേക്ക് പോയി. അച്ഛനും അമ്മയും താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലായിരുന്നു സാഹിഷ് ക്വാറന്റീനില്‍ കഴിഞ്ഞത്.
രാത്രി ഫോണില്‍ കിട്ടാതായതോടെ മുകളില്‍ച്ചെന്നു നോക്കിയപ്പോഴാണ് നെഞ്ചുവേദനമൂലം വീണുകിടക്കുന്ന സഹിഷിനെ കണ്ടത്. എന്നാല്‍, സാഹിഷിന്റെ അടുത്തേക്കുപോവാന് പലരും മടിച്ചു. വിവരമറിഞ്ഞെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എ. സോജിയുടെ നേതൃത്വത്തില്‍ സാഹിഷിനെ ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. ”സാഹിഷിനെ വണ്ടിയില്‍ കയറ്റാന്‍ സഹായിക്കണമെന്നു പറഞ്ഞെങ്കിലും കോവിഡ് പേടിമൂലം ആരും തയ്യാറായില്ല. ഒടുവില്‍ രാധാകൃഷ്ണന് എന്നയാളും സാഹിഷിന്റെ ബന്ധുക്കളും വന്നശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഒരല്പം നേരത്തേ എത്തിച്ചിരുന്നെങ്കില്‍…” -സോജി പറയുന്നു. സഹിഷിന് കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവാണ്.
Discussion about this post