തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം തിരുവനന്തപുരവും വയനാടും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്നാണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് കണ്ട്രോള് റൂം തുടങ്ങി. ഏതെങ്കിലും പ്രദേശത്ത് അടിയന്തിര സാഹചര്യമുണ്ടായാല്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കണ്ട്രോള് റൂമിലെ 9946102865 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടമെന്നാണ് അധികൃതര്‍ അറിയിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ട്രാക്കില്‍ മണ്ണിടിഞ്ഞ് കോട്ടയം, ചങ്ങനാശ്ശേരി പാതയിലെ ഗതാഗതം തടസ്സപ്പെട്ടതുകൊണ്ട് തിരുവനന്തപുരം, എറണാകുളം വേണാട്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എന്നീ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴിയാകും സര്‍വ്വീസ് നടത്തുകയെന്നാണ് റെയില്‍വേ അറിയിച്ചത്. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷന് എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് താല്കാലിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
Discussion about this post