തിരുവനന്തപുരം: 2018 ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ സിബിഐ എത്തുന്നു. അമിതവേഗത്തെ തുടർന്നുണ്ടായ അപകടം കാരണം പരിക്കേറ്റ് ബാലഭാസ്‌കർ മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാൽ, കുടുംബം ദുരൂഹത ആരോപണത്തിൽ ഉറച്ചു നിന്നതോടെ സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കേരള പോലീസിൽ നിന്നും സിബിഐ അന്വേഷണം ഏറ്റെടുത്തുകൊണ്ട് ഉത്തരവായി.
ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. സ്വർണക്കടത്തുകാരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാറും സിബിഐ അന്വേഷണത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു.
2018 സെപ്തംബർ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ പള്ളിപ്പുറത്തിന് സമീപത്ത് വെച്ചുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് മരിക്കുന്നത്. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും ഡ്രൈവർ അർജ്ജുനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മകൾ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ലക്ഷഅമിയും അർജ്ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം, കേസിന്റെ തുടക്കത്തിൽ തന്നെ പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി കാറപകടം സംബന്ധിച്ച് ദുരൂഹതകൾ ഏറി വന്നു. വാഹനമോടിച്ചത് അർജ്ജുനാണെന്ന് ലക്ഷ്മി മൊഴി നൽകിപ്പോൾ, ബാലഭാസ്‌കറാണ് വാഹനമോടിച്ചത് എന്നായിരുന്നു അർജ്ജുന്റെ മൊഴി. പിന്നീട് അർജുൻ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ കുടുംബത്തിനെതിരെ കേസും നൽകിയിരുന്നു. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്തരായിരുന്നില്ല.
Discussion about this post