പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിനും നഗരസഭാ ചെയര്മാന് കെഎസ്ബിഎ തങ്ങള്‍ക്കും കൊവിഡ് ഇല്ല. പരിശോധനാ ഫലം നെഗറ്റീവ് ആയതായി അധികൃതര്‍ അറിയിച്ചു.
കൊവിഡ് രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇത് ആശങ്കയ്ക്കും വഴിവെച്ചിരുന്നു. ഫലം നെഗറ്റീവ് ആയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. നേരത്തേ, എംഎല്‍എ ക്വാറന്റൈനില്‍ പോകാത്തത് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു.
പട്ടാമ്പി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍ പോയത്. എന്നാല്‍, ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നിരുന്ന എംഎല്‍എ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നില്ല.
ഇതിനെതിരേ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തന്നോട് ആരോഗ്യവകുപ്പ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. പിന്നാലെ കൊവിഡ് നെഗറ്റീവായി പരിശോധനാ ഫലം വരികയായിരുന്നു.
Discussion about this post