കൊല്ലം: കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്ത് കടക്കാന്‍ റെയില്‍വേ പാളത്തിലൂടെ ബൈക്കോടിച്ച് യുവാക്കളുടെ അതിസാഹസികത. കൊല്ലത്താണ് സംഭവം. റോഡുകളെല്ലാം അടയ്ക്കുകയും പലയിടത്തും പോലീസ് ചെക്കിങ് ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ യുവാക്കള്‍ ബൈക്കോടിച്ചത്.
കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിലുള്ള റെയില്‍പാളത്തിലൂടെയായിരുന്നു ഈ സാഹസം. ട്രാക്കിലൂടെ രണ്ടു പേര്‍ ബൈക്കോടിച്ചു പോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. യുവാക്കളുടെ അഭ്യാസപ്രകടനം അവര്‍ കായങ്കുളം ആര്‍പിഎഫിനെ അറിയിച്ചു. ഇതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ റെയില്‍വേ റെഡ് സിഗ്‌നല്‍ നല്‍കി.
പോലീസിന്റെ സാന്നിധ്യം അറിഞ്ഞ യുവാക്കള്‍ ട്രാക്കില്‍ ബൈക്ക് ഉപേക്ഷിച്ച് തിരിഞ്ഞോടുകയും ചെയ്തു. ശേഷം ആര്‍പിഎഫ് ബൈക്ക് കസ്റ്റഡിയിലെടുത്തു. ചവറ സ്വദേശിയുടേതാണ് ബൈക്ക് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇയാളല്ല ബൈക്ക് ഓടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. റെയില്‍വേയുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Discussion about this post