ജനീവ: കൊവിഡ് രോഗം ഇൻഫ്ളുവൻസ പോലെ പ്രത്യേക കാലാവസ്ഥാ സാഹചര്യത്തിൽ മാത്രം വരുന്ന രോഗമല്ലെന്ന് ലോകാരോഗ്യ സംഘടന. ജനീവയിൽ ഒരു വെർച്വൽ മീറ്റിങ്ങിൽ വെച്ച് ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥ മാർഗരറ്റ് ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്.
‘നാം മഹാമാരിയുടെ ആദ്യഘട്ടത്തിലാണ്. ഇത് ഒരു വലിയ തരംഗമായി മാറാൻ പോവുകയാണ്. അത് ചിലപ്പോൾ മുകളിലേക്കോ, താഴേക്കോ പോയേക്കാം. രോഗവ്യാപനം കുറയ്ക്കുക എന്നുള്ളതാണ് മികച്ച കാര്യം. കൊവിഡിനെ അടിച്ചമർത്തേണ്ടതുണ്ട്. അമേരിക്കയിൽ വേനൽക്കാലത്തും കേസുകളുടെ എണ്ണം കൂടിയെന്നും മാർഗരറ്റ് ഹാരിസ് ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു. ആളുകൾ ഇപ്പോഴും കാലാവസ്ഥയെ കുറിച്ചാണ് ചിന്തിക്കുന്നത്. നാമെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒരു പുതിയ വൈറസാണ്. വളരെ വ്യത്യസ്തമായാണ് ഇത് പെരുമാറുന്നത് എന്നുളളതാണ്. വേനൽക്കാലം നമുക്ക് ഒരു പ്രശ്നമാണ്. എന്നാൽ വൈറസ് എല്ലാ കാലാവസ്ഥകളും ഇഷ്ടപ്പെടുന്നതാണെന്നും മാർഗരറ്റ് ചൂണ്ടിക്കാട്ടി. ആളുകൾ കൂട്ടംകൂടുന്നതുമൂലം വൈറസ് വ്യാപനമുണ്ടാകുന്നത് കുറച്ചുകൊണ്ടുവരുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Discussion about this post