കുമരകം: രണ്ട് മെഡിക്കല്‍ കോളജുകളിലും പ്രവേശനം നിഷേധിച്ചതോടെ വീട്ടമ്മ ചികിത്സകിട്ടാതെ മരിച്ചു. കൊച്ചു പറമ്പില്‍ മധുവിന്റെ ഭാര്യ സ്വര്‍ണമ്മ(53) ആണ് ചൊവ്വാഴ്ച മരിച്ചത്. തീവ്രപരിചരണ വിഭാഗം ഇല്ലെന്നും ഉള്ളതില്‍ ഒഴിവില്ലെന്നുമൊക്കെ പറഞ്ഞാണ് രണ്ട് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഇവരെ മടക്കിയത്.
ഒരാഴ്ച മുന്‍പ് സ്വര്‍ണമ്മയുടെ കയ്യില്‍ എന്തോ കടിച്ചിരുന്നു. ആദ്യം ഇവര്‍ നാട്ടിലെ വിഷ വൈദ്യന്റെ പക്കലാണ് പ്രാഥമിക ചികിത്സക്കായി പോയത്. എന്നാല്‍ ഇതിന് പിന്നാലെ കയ്യില്‍ നിര് വെച്ച് പഴുപ്പ് നിറഞ്ഞു. വേദന സഹിക്കാനാവാതെ വന്നതോടെയാണ് ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.
ആദ്യം പോയത് കോട്ടയം മെഡിക്കല്‍ കോളജിലേക്കായിരുന്നു. എന്നാല്‍ ഐസിയു ഇല്ലെന്ന കാരണത്താല്‍ അധികൃതര്‍ സ്വര്‍ണമ്മയെ പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു. എന്നാല്‍ അവിടേയും തീവ്രപരിചരണ വിഭാഗത്തില്‍ ഒഴിവുണ്ടായില്ല.
അങ്ങനെ അവിടെ നിന്നും അവര്‍ മടങ്ങി. ഇതിനിടയില്‍ സ്വര്‍ണമ്മയുടെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post