കൊച്ചി: വീണ്ടും ശബരിമല വിഷയത്തില്‍ അക്രമം ലക്ഷ്യമിട്ട് വ്യാജപ്രചാരണവുമായി സംഘപരിവാര്‍. ഇത്തവണ ദേശീയ തലത്തിലുള്ള അയ്യപ്പഭക്തരെയാണ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ബേബി അക്ഷര കിഷോര്‍ അഭിനയിച്ച ഡാവിന് സുരേഷിന്റെ ‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തിഗാനത്തിലെ ചിത്രങ്ങളുപയോഗിച്ചാണ് ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ വ്യാജപ്രചാരണം. ഷൂട്ടിംഗ് സെറ്റില്‍ നിന്നുമെടുത്ത ചിത്രമാണ് സംഘപരിവാര്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ശബരിമലയില്‍ പോകാന്‍ ശ്രമിച്ച പിഞ്ചുബാലികയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി എന്നാണ് തെലങ്കാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഹിന്ദു ഹിന്ദുത്വം’ എന്ന സംഘപരിവാര്‍ പേജ് ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്.
‘കേരളസര്‍ക്കാരിന്റെ ഹൈന്ദവ നായാട്ട്’ എന്നൊക്കെ തലക്കെട്ട് നല്കി സംഭവം സൈബര്‍ ലോകത്ത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. അക്ഷര കിഷോര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.
‘അയ്യപ്പ സ്വാമി്ക്കു വേണ്ടി പോരാടിയ ഈ പിഞ്ചുബാലികയെ കേരളസര്‍ക്കാര്‍ ബലമായി ജയിലോട്ട് പിടിച്ചുകൊണ്ടി പോയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയും ചിത്രം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതേ കുട്ടി ദാരുണമായി കൊല്ലപ്പെട്ടുവെന്നു കൂടി സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നു. ഒരേ ചിത്രം വിവിധ അടിക്കുറിപ്പോടെയാണ് ദേശീയ തലത്തില്‍ തന്നെ പ്രചരിക്കപ്പെടുന്നത്. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ലൈക്കുകളും, അറുനൂറിലധികം ഷെയറുകളുമാണ് പോസ്റ്റിനു വന്നത്. തുടര്‍ന്ന് ഫേസ്ബുക്കിലും ട്വീട്ടറിലും ചില ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലും ഇത്തരത്തില്‍ ചിത്രം പ്രചരിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഈ ‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തി ഗാനം യൂട്യൂബിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് സോഷ്യല്‍ലോകത്ത് പ്രതിരോധം തീര്‍ക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
Discussion about this post