തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വയം നിരീക്ഷണത്തില്‍ പോയി. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ഉയരുകയാണ്. തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 300 പേരില്‍ നടത്തിയ ടെസ്റ്റിലാണ് 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കിന്‍ഫ്രയിലെ ഭൂരിപക്ഷം ജീവനക്കാരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.
രോഗം സ്ഥിരീകരിച്ച 88പേരെയും കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ഒരു സുരക്ഷാ ഗാര്‍ഡിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വരെ അയാള്‍ ജോലിക്കെത്തിയിരുന്നു.
Discussion about this post