തിരുവനന്തപുരം: പിടിതരാതെ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. സംസ്ഥാനത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സ്വര്‍ണ്ണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ്ണവില 39,200 രൂപയായി ഉയര്‍ന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വര്‍ധന.
ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി. യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും കോവിഡ് വ്യാപനംമൂലം രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്നതുമാണ് സ്വര്‍ണവിലയിലെ തുടര്‍ച്ചയായ വര്‍ധനയ്ക്കുപിന്നില്‍.
ഈയാഴ്ച അവസാനംചേരാനിരിക്കുന്ന യുഎസ് ഫെഡ് റിസര്‍വ്വ് യോഗത്തിലെ തീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകര്‍. കഴിഞ്ഞദിവസം 480 രൂപയാണ് സ്വര്‍ണവിലയില്‍ കൂടിയത്. ഇതോടെ കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 38,600 രൂപയായി. 4825 രൂപയായിരുന്നു ഗ്രാമിന്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 600 രൂപയുടെ വര്‍ധനവ്. ഈരീതി തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണവില പവന് 40,000 രൂപ പിന്നിട്ടേക്കും.