തൊടുപുഴ: നാലുമാസം മുന്‍പുവരെ റോബിന് ആന്റണിയുടെ ജീവിതം തിരക്കുപിടിച്ചതായിരുന്നു. റിപ്പോര്‍ട്ടിങ്, വീഡിയോ കോണ്‍ഫറന്‍സ്, കച്ചവടത്തിന്റെ കണക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തല്‍, തുടങ്ങി മുംബൈയിലെ കോര്‍പ്പറേറ്റ് ജീവിതം.
എന്നാല്‍ ഇന്ന് തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്തും കാലില്‍ പണിച്ചെരുപ്പും കൈയില്‍ സിമന്റ് ചട്ടിയും എടുത്ത് മേസ്തിരിപ്പണിക്കാരുടെ സഹായിയാണ് റോബിന്. ജീവിതത്തിന് കോവിഡ് പ്രതിസന്ധി തീര്‍ത്തപ്പോള്‍ തളരാതെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് റോബിന് ഇപ്പോള്‍.
എം.ബി.എ. ബിരുദധാരിയായ ബൈസണ്‍വാലി മുട്ടുകാട് പുത്തന്‍പറമ്പില്‍ റോബിന് മുംബൈയിലെ ഡെന്റല്‍ കെയര്‍ കമ്പനിയില്‍ ജോലിക്കുചേര്‍ന്നത് കുടുംബത്തിലെ പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും തീര്‍ക്കാമെന്ന പ്രതീക്ഷയോടെയാണ്. നാലുവര്‍ഷംകൊണ്ട് കമ്പനിയുടെ മുംബൈ റീജണല്‍ സെയില്‍സ് മാനേജരായി.
ഇതിനിടെ, മാതാപിതാക്കളുടെ ചികിത്സയ്ക്കായി നല്ലൊരു തുക ചെലവഴിക്കേണ്ടിവന്നതോടെ കടം പെരുകി. പിടിച്ചുനില്‍ക്കാനുള്ള ഓട്ടത്തിനിടെയാണ് വില്ലനായി കോവിഡെത്തിയത്. രാജ്യം നിശ്ചലമാകുന്നതിന് രണ്ടുമാസംമുന്‍പ് നാട്ടിലെത്തിയ റോബിന് പിന്നെ മുംബൈയിലേക്ക് തിരിച്ചുപോകാനായില്ല.
കൂടാതെ ഡെന്റല്മേഖല നിശ്ചലമായതോടെ ജോലി ചെയ്തിരുന്ന കമ്പനിയും തിരികെ വിളിച്ചില്ല. കടക്കാരുടെ മുന്നില്‍ ഒരുമാസം അവധിപറഞ്ഞ് പിടിച്ചുനിന്നു. എന്നാല്‍ എത്രകാലം ഇങ്ങനെ അവധി പറയുമെന്ന ചോദ്യം റോബിന്റെ മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു.
ഈ അവസ്ഥയില്‍ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ റോബിന് നാട്ടില്‍ പുതിയ ജോലികള്‍ തേടിയിറങ്ങി. എന്നാല്‍ കോവിഡ് കാലത്ത് ആര് ജോലിനല്‍കാന്‍?. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്ഥലംവിട്ടതിനാല്‍ നിര്‍മാണമേഖലയില്‍ ഹെല്‍പ്പറുടെ ഒഴിവുണ്ടെന്ന് സുഹൃത്താണ് അറിയിച്ചത്.
പിന്നെ രണ്ടാമതൊന്ന് ആലോചിക്കാന്‍ നിന്നില്ല. ഒരുകൈ നോക്കാമെന്ന് തന്നെ റോബിന് മനസ്സിലുറപ്പിച്ചു. നാലുമാസംമുന്പ് ജീവിതത്തിന്റെ ഭാഗമായിരുന്ന ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഷൂവും കൂളിങ് ഗ്ലാസും അതോടൊപ്പം തന്റെ അപകര്‍ഷ ബോധങ്ങളെയും അലമാരിയില്‍ പൂട്ടിവെച്ച് അങ്ങനെ റോബിന് സ്വന്തം നാട്ടില്‍ അധ്വാനിക്കാനിറങ്ങി.
ആദ്യഘട്ടം ദുര്‍ഘടമായിരുന്നെങ്കിലും ഇന്ന് എല്ലാ പ്രതിബന്ധങ്ങളും നീങ്ങിയിരിക്കുന്നു. ഇപ്പോള്‍ സ്വന്തം നാട്ടിലെ ജോലിയില്‍ സന്തോഷവാനാണ് റോബിന്. ഇന്ന് ബൈസണ്‍വാലിയിലെ പണിതീരാത്ത ഒരുകെട്ടിടത്തില്‍ ചെന്നാല്‍ റോബിനെ കാണാം. മുന്തിയ ജോലിതന്നെവേണമെന്ന് വാശിപിടിക്കുന്ന തലമുറയ്ക്ക് കോവിഡ് കാലത്തെ അതിജീവനത്തിന്റെ പാഠംകൂടിയാണ് റോബിന്റെ ജീവിതം.
Discussion about this post