മലപ്പുറം: ‘ചെലോര്ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല. ഇന്റേത് റെഡ്യായിട്ടില്ല. ന്നാലും ഞമ്മക്കൊരു കൊയപ്പൂല്യ’, മലയാളികള്‍ ഒന്നടങ്കം ഇന്ന് ഫായിസിന്റെ ഈ ഡയലോഗിന് പുറകെയാണ്. മൊബൈല്‍ ക്യാമറയില്‍ ആരും കാണാതെ ഒരു പരീക്ഷണം നടത്തുമ്പോള്‍ തന്റെ വാക്കുകള്‍ ഇത്രവലിയ തരംഗമാകുമെന്നും താനൊരു താരമായി മാറുമെന്നും നാലാം ക്ലാസുകാരന്‍ ഫായിസ് കരുതിയതേയില്ല.
ഇപ്പോഴിതാ കടലാസ് പൂവുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഫായിസ് പറഞ്ഞ ആ ഡയലോഗ് ഏറ്റടുത്തിരിക്കുകയാണ് മില്‍മയും. ഫായിസിന്റെ ഡയലോഗ് മലബാര്‍ മില്‍മ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പരസ്യവാചകമാക്കി മാറ്റി.
‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല. പക്ഷേങ്കി ചായ എല്ലോല്‍തും ശരിയാവും, പാല്‍ മില്‍മ ആണെങ്കില്‍’ എന്നാണ് പരസ്യവാചകം.
മില്‍മയുടെ പോസ്റ്റിനുതാഴെ പലരും ഫായിസിനെ അഭിനന്ദിച്ച് കമന്റും ചെയ്തിട്ടുണ്ട്. നല്ല പരസ്യവാചകമായതിനാല്‍ ഫായിസിന് തക്ക പ്രതിഫലം കൊടുക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. ജനം കൂടുതല്‍ ശ്രദ്ധിച്ച വാചകമായതുകൊണ്ടാണ് സംഭാഷണം പരസ്യമാക്കിയതെന്ന് മലബാര്‍ മില്‍മ എം.ഡി. കെ.എം. വിജയകുമാര്‍ പറഞ്ഞു.
ഫായിസിന് പ്രതിഫലം നല്‍കണമെന്ന സാമൂഹിക മാധ്യമങ്ങളിലെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴിശ്ശേരി കുഴിഞ്ഞൊളം അക്കരമ്മല്‍ അബ്ദുള്‍ മുനീറിന്റെ മകനായ അബ്ദുള്‍ ഫായിസ് കുഴിമണ്ണ ഇസ്സത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആരും കാണാതെ മുറിക്കുള്ളില്‍വെച്ചാണ് ഫായിസ് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയത്. സഹോദരിമാരാണ് പിന്നീട് ഇതു കണ്ടെത്തിയത്. അവര്‍ ഗള്‍ഫിലുള്ള പിതാവിന് അയച്ചുകൊടുക്കുകയും അദ്ദേഹം അത് കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തപ്പോളാണ് വീഡിയോ തരംഗമായത്.
Discussion about this post