മറയൂര്‍: കോവിഡ് കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്നെത്തിയ അറുപത്തിനാലുകാരനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍. തിരിച്ചുപോകാന്‍ മറ്റ വഴിയൊന്നുമില്ലാതെ രാത്രി റോഡരികില്‍ നിന്ന ഇദ്ദേഹത്തെ പൊതുപ്രവര്‍ത്തകനും ഡ്രൈവറും ചോര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു.
കോവിഡ് കണ്ടെയ്ന്മെന്റ് മേഖലയായ മൂന്നാര്‍ ബൈസണ്‍വാലിയില്‍ നിന്നെത്തിയ കാന്തല്ലൂര്‍ ചുരക്കുളം സ്വദേശിയായ അറുപത്തിനാലുകാരനെയാണ് ബന്ധുക്കള്‍ വീട്ടില്‍ കയറ്റാതിരുന്നത്. ബൈസണ്‍വാലിയില്‍ ഏലത്തോട്ടത്തില്‍ ജോലിചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
ഈ മേഖല കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ശനിവൈകിട്ടാണ് അദ്ദേഹം വീട്ടിലെത്തിയത്. എന്നാല്‍ രോഗഭീതിയെത്തുടര്‍ന്ന് വീട്ടുകാര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹം കോവില്‍ക്കടവില്‍ മുറിയെടുത്ത് താമസിക്കാനൊരുങ്ങിയെങ്കിലും കെട്ടിട ഉടമകളും മുറി നല്‍കിയില്ല.
എന്തു ചെയ്യണമെന്നറിയാതെ രാത്രി റോഡരികില്‍ നിന്ന അദ്ദേഹത്തെ കണ്ട പൊതുപ്രവര്‍ത്തകനായ കൊച്ചുമാലിയില്‍ ബിജു പൗലോസും ജീപ്പ് ഡ്രൈവറായ സെല്‍വകുമാറും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മറയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കരിമുട്ടിയിലെ സ്വകാര്യവ്യക്തിയുടെ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി.
Discussion about this post