കോട്ടയം; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത് തെറ്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഭവം കോട്ടയത്തിന് തന്നെ അപമാനകരമാണെന്നും വിവരക്കേടാണ് അവിടെ കണ്ടതെന്നും ഏത് രാഷ്ട്രീയപ്പാര്‍ട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരുടെ നേതൃത്വത്തിലായാലും ഏത് പാര്‍ട്ടിക്കാരനായാലും അത് തെറ്റ് തന്നെയാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.
കണ്ണന്താനത്തിന്റെ വാക്കുകള്‍;
ലോകത്ത് എവിടെ ചെന്നാലും കോട്ടയത്തെ കുറിച്ച് അഭിമാനത്തോടെയാണ് പറയാറ്. കേരളത്തില്‍ തന്നെ പൂര്‍ണസാക്ഷരത നേടിയ ജില്ലയാണ് കോട്ടയം. അക്ഷരനഗരം എന്നാണ് കോട്ടയം അറിയപ്പെടുന്നത്. പക്ഷേ ഇന്നലെ സംഭവിച്ചത് കോട്ടയത്തെ പേരിനും പ്രശസ്തിക്കും കോട്ടം സംഭവിക്കുന്ന കാര്യമായി പോയി.
ആര് വിവരക്കേട് കാണിച്ചാലും ആര് തെറ്റ് ചെയ്താലും അത് തെറ്റാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും അത് തെറ്റാണ്. ഇതില്‍ സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാമകൃഷ്ണന്റെ ഭാഗത്തും തെറ്റുണ്ടായി. ആളുകളെ പറഞ്ഞ് മനസിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായില്ല.
തിരുവഞ്ചൂര്‍ അവിടെ ഉണ്ടായിരുന്നല്ലോ. മൃതദേഹം ദഹിപ്പിച്ചാല്‍ പുകയില്‍ നിന്ന് വൈറസ് പിടിക്കില്ലെന്ന് പറഞ്ഞുമനസിലാക്കാന്‍ അദ്ദേഹത്തിന് കഴിവില്ലേ, ഏതൊരു ജനപ്രതിനിധിയും ചെയ്യേണ്ട കാര്യമല്ലേ, എന്തുകൊണ്ട് ജനങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ പറ്റിയില്ലേ.
Discussion about this post