ഫഖ്റുദ്ധീന്‍ പന്താവൂര്‍
കോഴിക്കോട്ടുകാരിയായ ഒരു നാടന്‍ മുസ്ലിം പെണ്‍കുട്ടി എങ്ങനെയാണ് ഒറ്റക്ക് ലോകം ചുറ്റിക്കറങ്ങാന്‍ ധൈര്യം കിട്ടിയതെന്ന് ചോദിച്ചാല്‍ ആയിഷയെന്ന യാത്രാപ്രാന്തി ഒരു ചിരിയാണ്. ‘പടച്ചോന്റെ ദുനിയാവ് ചുറ്റിക്കാണല് സുന്നത്തല്ലേ ‘ എന്നൊരു മറു ചോദ്യവും. ആയിഷയെന്ന ഗ്രാമീണ പെണ്‍കുട്ടി 7 ഓളം രാജ്യങ്ങളും പതിനെട്ടോളം സംസ്ഥാനങ്ങളും ഒറ്റക്കും അല്ലാതെയും യാത്ര ചെയ്തിട്ടുണ്ട്.ചുമ്മാതല്ല അവളെ പ്രിയപ്പെട്ടവര്‍ യാത്രാ പ്രാന്തിയെന്ന് വിളിച്ചത്. അവളിപ്പോള്‍ അങ്ങനെയൊരു വിളി ആസ്വദിക്കുന്നുമുണ്ട്.
കുടുംബവുമൊന്നിച്ചോ കൂട്ടുകാരുമൊന്നിച്ചോ ആണല്ലോ പണ്ട് പലരുടെയും യാത്രകള്‍. അന്നൊക്കെ ഒരു യാത്ര പോകാനായി ആയിഷ ഷഹല ഒത്തിരി കൊതിച്ചിട്ടുണ്ട്. കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും സംഭവിക്കുന്ന വണ്‍ഡേ യാത്രകള്‍ വീണുകിട്ടിയാല്‍ ധാരാളം. പ്ലസ്ടു കഴിഞ്ഞതോടെ ആയിഷയെ ഉപ്പ പൊറ്റശ്ശേരിക്കാരനായ ശബ്നുദ്ധീന് കെട്ടിച്ചുകൊടുത്തു. സ്നേഹമുള്ള വീട്ടുകാര്‍.കുഞ്ഞു നാളിലെ യാത്ര പോകണമെന്ന മോഹം യാഥാര്‍ത്ഥ്യമാക്കിയത് ഭര്‍ത്താവാണെന്ന് ആയിഷ പറയുന്നു. ഒരു കൂട്ടില്ലാതെ എന്ത് യാത്രകള്‍ എന്നായിരുന്നു അക്കാലത്ത് ചിന്തിച്ചിരുന്നത്.
എന്നാല്‍ അങ്ങനെ ചിന്തിച്ച ആയിഷ മാറി ചിന്തിക്കാന്‍ തുടങ്ങി. ഭര്ത്താവുമൊന്നിച്ചായിരുന്നു സൗദിയിലേക്ക് ആദ്യ യാത്ര. പിന്നെപ്പിന്നെ ഒറ്റയ്ക്കായി യാത്ര. ഒറ്റയ്ക്കുള്ള യാത്രയുടെ സുഖം ഒരിക്കലനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ യാത്രകളെല്ലാം തനിച്ചു ചെയ്യാനായിരിക്കും താല്പര്യം കൂടുതല്‍. ഹിമാലയ മലനിരക കാണാന്‍ തനിച്ചു പോയി ആയിഷ. ചിലപ്പോള്‍ ഒരു കൂട്ടം സ്ത്രീകക്കൊപ്പവും, മറ്റു ചിലപ്പോള്‍ ഭര്ത്താവുമൊന്നിച്ചും. തനിച്ചു കാണാനിറങ്ങിയപ്പോള്‍ ജീവിതത്തിലൊരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് ആയിഷക്ക് സമ്മാനമായി ലഭിച്ചത്.
2013 ലായിരുന്നു ആയിഷയുടെ യാത്രാപ്രാന്ത് തുടങ്ങിയത്.ഇപ്പോള്‍ നാല് വര്‍ഷമായി ഒറ്റക്കും അല്ലാതെയും നിരന്തരം യാത്രകള്‍.നിറയെ ലോകങ്ങള്‍… നിരവധി സംസ്കാരങ്ങള്‍.. വിഭിന്ന ഭാഷകള്‍.. ഹിമാലയത്തോളം അനുഭവങ്ങള്‍.. നിസ്കാരത്തിനൊന്നും ഒരു യാത്രകളും തടസ്സമുണ്ടാക്കാതിരിക്കാന്‍ ആയിഷ പ്രത്യേകം ശ്രദ്ധിക്കും. മതകാര്യങ്ങളിലുള്ള താല്പര്യം കാരണം വേഷവും അത്തരത്തിലാണ്. ഇന്ത്യയില്‍ 18 സംസ്ഥാനങ്ങള്‍ ഒറ്റക്ക് കറങ്ങിയിട്ടും വേഷത്തിന്റെ/ മതത്തിന്റെ പേരില്‍ ഒരു വിവേചനവും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് ആയിഷ പറയുന്നു.
സൗദി, ശ്രീലങ്ക, നേപ്പാള്‍, ഇന്തോനേഷ്യ, മാലി, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒറ്റക്കും അല്ലാതെയും യാത്ര നടത്തിയ ഈ യാത്രാപ്രാന്തിയുടെ ധൈര്യം ഭര്‍ത്താവ് ശബ്നുദ്ധീന്റെ അകമഴിഞ്ഞ പിന്തുണയും ഭര്‍ത്താവിന്റെ വീട്ടുകാരുടെ കരുതലുമാണ്. ജോര്‍ജിയ, സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. ഇനിയിപ്പോള്‍ വിമാന സര്‍വീസ് തുടങ്ങിയാല്‍ തായ്ലാന്റ് പോകാനിരിക്കുകയാണ് ആയിഷ ഷഹലയെന്ന 29 കാരി.യാത്രയില്ലെങ്കില്‍ ആയിഷയില്ലെന്ന സ്ഥിതിയാണ്. കൊവിഡും ലോക്ക് ഡൗണും കാരണം കുറച്ചുകാലം വീട്ടില്‍ എല്ലാവരുമൊത്തും സമയം ചിലവഴിക്കാനായി..മകന് ഡാനിയലും ഭര്‍ത്താവുമൊന്നിച്ച് പുതിയ യാത്രയുടെ ഡിസ്ക്കഷനിലാണ്.
ആയിഷയുടെ ഓരോ യാത്രയും പത്തുമുതല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കും.ഗോവ, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍, കശ്മീര്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് സ്ഥലങ്ങളിലെല്ലാം പലവട്ടം ആയിഷ പോയിട്ടുണ്ട്. യാത്രാപ്രാന്ത് മൂത്തപ്പോള്‍ ഭര്‍ത്താവ് ശബ്നുദ്ധീന് ഒരു കാര്യം ആവശ്യപെട്ടു, ട്രാവലിംഗ് ആന്റ് ടൂറിസം കോഴ്സ് പഠിക്കാന്‍.മൂപ്പര് പണ്ട് പഠിക്കാന്‍ കൊതിച്ചതാണ്. പക്ഷേ വിധി വെബ് ഡിസൈനറാവാനായിരുന്നു. ആയിഷ കോഴ്സ് പഠിച്ചു. സ്വന്തമായി ഒരു സംരംഭവും തുടങ്ങി.കൂടെ മുഹമ്മദ് നിസാറെന്ന സഹോദരനെപ്പോലൊരു പാര്‍ട്ടണറും.
ആദ്യമൊക്കെ യാത്രയെന്ന് കേള്‍ക്കുമ്പോള്‍ ഉപ്പാക്കും ഉമ്മാക്കും വലിയ ബേജാറായിരുന്നുവെന്ന് ആയിഷ പറയുന്നു. സ്വന്തമായി ഒരു ട്രാവല്‍സ് തുടങ്ങിയതോടെ പിന്നെ അവര്‍ക്കും ധൈര്യമായി. അങ്ങനെ യാത്രാ പ്രാന്ത് ഒരു പ്രൊഫഷനാക്കി കൊണ്ടുപോകാന്‍ കഴിഞ്ഞു ആയിഷയ്ക്ക്. സോളോ യാത്രകളാണ് യാത്രാപ്രാന്തിക്ക് ഇഷ്ടം. സ്ത്രീകളുടെ മാത്രം കൂട്ടായ്മയുണ്ടാക്കി വിവിധ യാത്രകള്‍ സംഘടിപ്പിക്കും.കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നിരവധി തവണ ആയിഷ പോയിട്ടുണ്ട്. ഓരോ യാത്രയും പുതിയൊരു മനുഷ്യനെ സൃഷ്ടിക്കും.അതുകൊണ്ട് തന്നെ യാത്രാ പ്രാന്തിക്ക് ഒരു യാത്രയും മടുപ്പുണ്ടാക്കിയിട്ടില്ല.
ഒറ്റക്ക് യാത്ര പോകുന്നവരോട് അനുഭവത്തിന്റെ അറിവുകള്‍ പങ്കുവെക്കാനുണ്ട് ഈ യാത്രാപ്രാന്തിക്ക്. യാത്രയെ കുറിച്ച് വ്യക്തമായ രൂപരേഖ ഉണ്ടായിരിക്കണം. താമസ സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. സന്ദര്‍ശിക്കാനായി തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളെ കുറിച്ച് പരമാവധി അറിവ് ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അപരിചിതരെ അകറ്റണം. ജനങ്ങളുമായി സംസാരിക്കാനും സൗഹൃദങ്ങള്‍ ഉണ്ടാക്കാനും മടിക്കണ്ട. പക്ഷെ താമസ സ്ഥലം മുതലായ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കരുത്. അപരിചതിരെ അധികം അടുപ്പിക്കരുത്. ഡോക്യൂമെന്ററീസ് എടുക്കാന്‍ മറക്കരുത്. വസ്ത്രധാരണം പ്രധാനം. ഒറ്റയ്ക്കു യാത്രകള്‍ ചെയുമ്പോള്‍ വസ്ത്രധാരണം വളരെയധികം ശ്രദ്ധിക്കുക. പ്രദേശത്തിന്റെ ആചാരങ്ങളും രീതികളും ബഹുമാനിക്കുകയും പരമാവധി ജനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ആയിരിക്കും ഉചിതം.
ആഭരണങ്ങള്‍ വേണ്ടേ വേണ്ട. പണം പേഴ്സില്‍ സൂക്ഷിക്കാതെ എളുപ്പം ആര്‍ക്കും എടുക്കാന്‍ കഴിയാത്ത വിധത്തില്‍ സൂക്ഷിക്കുക.. രാത്രി കാലങ്ങളില്‍ ഒറ്റയ്ക്കു ഉള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക. അഥവാ യാത്ര ചെയ്യേണ്ടി വന്നാല്‍ ചുറ്റും ശ്രദ്ധിക്കുക.പൊലീസ്, വനിതാ ഹെല്പ് ലൈന്‍, എമര്‍ജന്‍സി നമ്പറുകള്‍ മുതലായവ സൂക്ഷിക്കുക. ഐഎസ്ഡി കോള്‍ വിളിക്കാനുളള ബാലന്‍സും ഫോണില്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഫോണ്‍ ചാര്‍ജറും കൈയില്‍ സൂക്ഷിക്കുക. ഓട്ടോ ടാക്സി സംവിധാനങ്ങളെ അപേക്ഷിച്ചു പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതാവും കൂടുതല്‍ അഭികാമ്യം.
യാത്രയെ കുറിച്ചുള്ള വിശദ വിവരങ്ങളും ചിത്രങ്ങളും അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയുന്നത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും നിങ്ങള്‍ സുരക്ഷിതര്‍ ആണെന്നു മനസിലാക്കാനും അവശ്യ അവസരത്തില്‍ സഹായിക്കാനും സാധ്യമാകും. ഒറ്റയ്ക്കു ആണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാതെ ഇരിക്കുക. എല്ലാ കാര്യത്തിലും ആത്മവിശ്വാസവും ധൈര്യവും പുലര്‍ത്തുക. സ്വയം പ്രതിരോധിക്കാന്‍ സ്വയം രക്ഷ അലാറം മുതലായവ സൂക്ഷിക്കുന്നത് ഉചിതമാകും. അത് സൂക്ഷിക്കാനും അവശ്യ സമയങ്ങളില്‍ ഉപയോഗിക്കാനും എളുപ്പം ആയിരിക്കും.
Discussion about this post