സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മൂന്നാമത്തെ കൊവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊച്ചി കിഴക്കമ്പലം അമ്പലപ്പടി സ്വദേശി അബൂബക്കര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 72 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം. ഹൃദ് രോഗത്തെ തുടര്‍ന്ന് ഈ മാസം 23നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

നേരത്തെ ആലപ്പുഴ സ്വദേശിയും ഇടുക്കി സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79 ) മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ചക്രപാണിയെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചക്രപാണിയുടെ മകള്‍ എഴുപുന്ന മത്സ്യസംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരിയാണ്. ഇവിടുത്തെ ജീവനക്കാരില്‍ നിന്ന് മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നു. ചക്രപാണിയുടെ മകള്‍ നിരീക്ഷണത്തിലാണ്.നേരത്തെ ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില് സി വി വിജയനാണ് കൊവിഡ് ബാധിച്ച് മരിച്ചത്.61 വയസ്സായിരുന്നു.കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം.അര്‍ബുദ ബാധിതനായിരുന്നു.ലേക്ക്ഷോര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് അറിയിച്ചു. ഇതില്‍ മൂന്നുപേരും അമ്പതു വയസിന് മുകളിലുള്ളവരാണ്.

Exit mobile version