തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ നിയമനത്തിൽ ക്രമക്കേടില്ലെന്ന് പ്രൈസ് വാട്ടർഹൗസ്‌കൂപ്പേഴ്‌സ്. നടപടിക്രമങ്ങൾ പാലിച്ചാണ് സ്വപ്ന സുരേഷിനെ നിയമിച്ചതെന്ന് പ്രൈസ് വാട്ടർഹൗസ്‌കൂപ്പേഴ്‌സ് പ്രതികരിച്ചു. സ്‌പേസ് പാർക്ക് കൺസൾട്ടൻസി കരാർ റദ്ദാക്കാനുള്ള കെഎസ്‌ഐടിഐഎൽ നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ്.
അതേ സമയം കെഫോൺ പദ്ധതിയിൽ നിന്ന് പിഡബ്‌ള്യുസിയെ ഒഴിവാക്കുന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കെഎസ്‌ഐടിഐഎൽ വ്യക്തമാക്കി. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്ക് പിഎംയുവിൽ നിയമിച്ചതെന്നാണ് പിഡബ്ല്യുസിയുടെ നിയമവിഭാഗം കെഎസ്‌ഐടിഐഎല്ലിന് മറുപടി നൽകിയിരിക്കുന്നത്. സ്വർണ്ണക്കടത്തു കേസിൽ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലാകുകയും ജോലിക്കായി ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയുകയും ചെയ്തതോടെയാണ് കൺസൾട്ടൻസി കരാർ റദ്ദാക്കാൻ പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചത്. കരാർ ലംഘനം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
ആരോപണങ്ങൾ പിഡബ്ല്യുസി നിഷേധിച്ചതോടെ തുടർനടപടി സംബന്ധിച്ച് കെഎസ്‌ഐടിഐഎൽ നിയമോപദേശം തേടും. സ്വപ്ന സുരേഷിന്റെ നിയമനം വിവാദമായ സാഹചര്യത്തിൽ കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കണോയെന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും. കെഫോൺ പദ്ധതിയുടെ കൺസൾട്ടന്റിനെ തീരുമാനിക്കാനുള്ള സമിതിയുടെ അധ്യക്ഷൻ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആയിരുന്നു. പിഡബ്ല്യുസിക്ക് നൽകിയ കൺസൾട്ടൻസി കരാറുകൾ പുന:പരിശോധിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കെ ഫോണിലെ പങ്കാളിത്തവും ഒഴിവാക്കാൻ ആലോചന നടക്കുന്നത്.
Discussion about this post