കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപിക്കുന്നു. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 140 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.
ചികിത്സയിലിരിക്കെ രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വാഹനാപകടത്തില്‍ മരിച്ച പത്തൊമ്പതുകാരന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. യുവാവിനെ കോവിഡ് ബാധിച്ചത് പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണെന്നാണ് സംശയിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരില്‍ 14 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത് പി പി ഇ കിറ്റുകളുടെ കുറവ് മൂലമെന്ന ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. പി പി ഇ കിറ്റുകള്‍ ശരിയായി ഉപയോഗിക്കാത്തത് മൂലമോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത് മൂലമോ എട്ട് ശതമാനം പേരും രോഗബാധിതരായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ജൂലൈ 20 വരെ രോഗം സ്ഥിരീകരിച്ച 267 ആരോഗ്യപ്രവര്‍ത്തകരില്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. കോവിഡ് രോഗിയെ പരിചരിച്ചതിലൂടെയാണ് 62.55ശതമാനം പേരും വൈറസ് ബാധിതരായത്. 14ശതമാനം പേര്‍ക്ക് രോഗം പിടിപ്പെട്ടത് പിപിഇ കിറ്റുകളുടെ കുറവ് മൂലമോ, പുനരുപയോഗം മൂലമോ ആണ്.
Discussion about this post