തിരുവനന്തപുരം: സ്വകാര്യമില്ലുകളിൽ നിന്നും സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം ഉള്ളതായി റിപ്പോർട്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്തും റെഡ് ഓക്സൈഡ് ചേർത്തും മട്ട അരി (സിഎംആർ) എന്ന വ്യാജേന എത്തിക്കുകയായിരുന്നു എന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള അരി എത്തിച്ചിരിക്കുന്നത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില റേഷൻകടകളിലേക്കാണെന്നും റേഷൻ കടക്കാരും കാർഡ് ഉടമകളും വ്യാപകമായി പരാതി ഉയർത്തിയെന്നും റിപ്പോർട്ട് ഉണ്ട്.
എറണാകുളം കാലടിയിലെ മില്ലുകളിൽ നിന്നാണ് കൂടുതൽ അരി എത്തിയതെന്നാണ് വിവരം. ഉപഭോക്താക്കളും റേഷൻ വ്യാപാരികളും നൽകിയ പരാതിയിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അന്വേഷണത്തിന് നിർദേശം നൽകി. 56 സ്വകാര്യമില്ലുകളാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാറുമായി കരാറുള്ളത്. ഇവിടങ്ങളിൽ വലിയ കൊള്ളയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി തിരികെ സപ്ലൈകോക്ക് നൽകണം. ഒരു ക്വിന്റലിന് 214 രൂപ മില്ലുടമകൾക്ക് നൽകും. എന്നാൽ കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല്, മില്ലുകാർ അരിയാക്കി വൻവിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പകരം തമിഴ്നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരി തവിടുപയോഗിച്ച് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് മട്ടയാക്കി റേഷൻ കടകളിലേക്ക് എത്തിക്കും. ഈ അരി നന്നായി കഴുകിയാൽ ചുവപ്പുനിറം മാറി വെള്ളയാകുന്നതാണ് പതിവ്. അതേസമയം, റേഷൻകട വഴി വിതരണം ചെയ്യുന്നതിനായി എത്തുന്ന മട്ട അരി എറെയും നിറം ചേർത്തവയാണെന്ന് മുമ്പ് വിജിലൻസ് അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
Discussion about this post