കാഞ്ഞങ്ങാട്: ചെങ്കള ഗ്രാമപ്പഞ്ചായത്തിൽ കൊവിഡ് ലക്ഷണങ്ങൾ മറച്ചുവെച്ച് മകളുടെ വിവാഹം ആഘോഷമാക്കിയ പിതാവിനെതിരെ കേസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധിപേരെ പങ്കെടുപ്പിച്ച് നടത്തിയ വിവാഹച്ചടങ്ങിൽ നിന്നും 43 പേരാണ് രോഗബാധിതരായത്. വിവാഹത്തിനെത്തിയ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് വധുവിന്റെ പിതാവ് അബ്ദുൾ ഖാദറിന്റെ പേരിൽ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ച് കേസെടുത്തതെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ബാബു അറിയിച്ചു.
അബ്ദുൾ ഖാദറിൽനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായതായും പനിയുണ്ടായിട്ടും അത് മറച്ചുവെച്ച് ചടങ്ങ് സംബന്ധിക്കുകയായിരുന്നെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എവി രാംദാസ് കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ജൂലായ് 17നാണ് വിവാഹം നടന്നത്. 150ലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തെന്നാണ് വിവരം. വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകർന്നവരിൽ 10 പേർ വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്. ദിവസങ്ങൾക്കു മുൻപ് ഈ പഞ്ചായത്തിലെ ഒരു കരാറുകാരൻ മരിച്ചിരുന്നു. അന്ന് മരണ വീട്ടിലെത്തിയവരും ഇവരുടെ സമ്പർക്കത്തിലുള്ളവരുമുൾപ്പെടെ 50ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ മരണവീട്ടിലും കല്യാണവീട്ടിലും എത്തുകയാണെന്നും എത്ര ബോധവത്കരിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും കളക്ടറും ഡിഎംഒയും പരാതിപ്പെടുന്നു. ഈ രണ്ട് വീടുകളും ഒരോ കണ്ടെയ്ൻമെന്റ് മേഖലകളാക്കിയിരിക്കുകയാണ്.
Discussion about this post