കാസര്‍കോട് ചെങ്കളയില്‍ വൈറസ്ബാധ കൂടിയേക്കാം; പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ വൈറസ്ബാധ കൂടിയേക്കാമെന്നും പൊതുപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍. ചെങ്കളയില്‍ കൂടുതല്‍ പേര്‍ക്ക് പരിശോധനകള്‍ നടത്തുമെന്നും ചിലയിടങ്ങളില്‍ ചിലര്‍ പരിശോധനക്ക് വിധേയരാകാന്‍ മടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഇവിടെ കൊവിഡ് നിയന്ത്രണവിധേയമാണെന്നും ജില്ലാഭരണകൂടം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ചെങ്കളപാഞ്ചായത്തിലെ പീലാംകട്ടയില്‍ ജൂലൈ 17ന് നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത വധൂവരന്മാര്‍ ഉള്‍പ്പെടെ 43 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം അമ്പതിലധികം പേരെ പങ്കെടുപ്പിച്ച് വിവാഹസല്‍ക്കാരം നടത്തിയ വധുവിന്റെ അച്ഛനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. നിലവില്‍ ചെങ്കള വിവാഹസല്‍ക്കാര ചടങ്ങ് തന്നെ ക്ലസ്റ്ററായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെങ്കള പഞ്ചായത്തിലെ നീര്‍ച്ചാലും നാട്ടക്കല്ലും പുതിയ ക്ലസ്റ്ററുകളാക്കിയിരിക്കുകയാണ്. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒമ്പതായി. അതേസമയം ജില്ലയില്‍ അഞ്ച് പ്രദേശങ്ങളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹോസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version