സക്കാത്ത് മുതല്‍ സ്വീകരിച്ചതിന്റെ പേരില്‍ മന്ത്രി കെടി ജലീലിനെതിരെ പരാതി നല്‍കിയത് പ്രതിഷേധാര്‍ഹം; ബെന്നി ബെഹന്നാനെതിരെ പൊട്ടിത്തെറിച്ച് ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ

മലപ്പുറം: മന്ത്രി കെടി ജലീലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പരാതി കത്ത് നല്‍കിയ സംഭവത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനെതിരെ പൊട്ടിത്തെറിച്ച് ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ. പരാതി നല്‍കിയ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലക്ഷ്യത്തിനപ്പുറം കേരളത്തിലെ മുസ്ലിം സമൂഹത്തോടുള്ള വഞ്ചനയും ചതിയുമാണന്നും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മറ്റു പല വിദേഷരാജ്യങ്ങളില്‍നിന്നും സഹായങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും കാസിം കോയ പറയുന്നു.

കേരളത്തില്‍ സക്കാത്ത് മുതല്‍ സ്വീകരിച്ചതിന്റെ പേരില്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയതിലൂടെ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായങ്ങളാണ് യുഡിഎഫ് ഇതിലൂടെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ, ഈ വിഷയത്തില്‍ മുസ്ലിം ലീഗ് അടക്കമുള്ള മറ്റു കക്ഷികളുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് വിദേശ ഫണ്ട് സ്വീകരിച്ചു എന്നാരോപിച്ച് എംപി ബെന്നി ബെഹന്നാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെടി ജലീല്‍ തന്നെ രംഗത്തെത്തിയിരുന്നു. മറുപടി കത്തായിട്ടാണ് അദ്ദേഹം ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്. ‘സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളില്‍ നില്‍ക്കുന്ന ‘സക്കാത്ത്’ എന്ന സല്‍കര്‍മ്മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒരു മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിന്റെ കാലത്ത് UAE കോണ്‍സുലേറ്റിന്റെ സക്കാത്ത് സഹായം സ്വീകരിച്ച നിര്‍ധനരായ ആയിരത്തിലധികം കുടുംബങ്ങള്‍ക്കും ‘സക്കാത്തി’ന്റെ മഹത്വമറിയുന്ന മുഴുവന്‍ മനുഷ്യര്‍ക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്പോള്‍ താങ്കള്‍ ആലോചിക്കുന്നത് നന്നാകുമെന്നും മന്ത്രി ബെന്നി ബെഹന്നാന് മറുപടി നല്‍കി.

Exit mobile version