കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എംപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വടകര ചെക്ക്യാട്ടെ ഒരു വിവാഹ വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് മുരളീധരന്‍ ക്വാറന്റൈനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്നാണ് മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഫലം നെഗറ്റീവാണെന്ന അറിയിപ്പ് വന്നത്. ‘കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു’- കെ മുരളീധരന്‍ എംപി കുറിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ വരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു കോവിഡ് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചത്.