കാസര്‍കോട്: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ലാ ഭരണകൂടം, അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് രാത്രി 12 മണി മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്നാണ് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം കാസര്‍കോട് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് മരണം നാലായി.