കോഴിക്കോട്: ’60, 70 രൂപയ്ക്ക് ബിരിയാണി’ ഈ വാചകം എഴുതി ഒട്ടിച്ച് വഴിയോരത്ത് ബിരിയാണി വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്നത് പതിവ് കാഴ്ചയാണ്. ഈ തെരുവോര വില്‍പ്പനയ്ക്ക് വന്‍ ഡിമാന്റും ലഭിക്കാറുണ്ട്. എന്നാല്‍ ഈ തെരുവോര ബിരിയാണി വില്‍പ്പനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട് വീഴുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ രണ്ടാഴ്ചയായി തെരുവോരത്ത് വാഹനങ്ങളില്‍ എത്തിച്ച് ബിരിയാണി വില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെയാണ് നടപടിക്ക് ഒരുങ്ങുന്നത്. മനുഷ്യവിസര്‍ജ്ജത്തില്‍ അടങ്ങുന്നതാണ് ഇ കോളി ബാക്ടീരിയ. ഇതാണ് ഇപ്പോള്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്. കോഴിക്കോട് രാമനാട്ടുകര മുതല്‍ വടകര വരെയുള്ള ബൈപ്പാസുകളിലാണ് കഴിഞ്ഞ രണ്ടാഴ്ച തെരുവോര ബിരിയാണി കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകളായി പരിശോധന തുടങ്ങിയത്. ഇതിലാണ് പലതിലും ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടത്.
ഈ ബാക്ടീരിയയുടെ അംശം ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ഇതിന്റെ സാന്നിധ്യം ഭക്ഷണത്തില്‍ എങ്ങനെ എത്തിയെന്നതില്‍ വരുംദിവസങ്ങളില്‍ വ്യക്തമാവും. ശുദ്ധമല്ലാത്ത വെള്ളത്തില്നിന്നോ വൃത്തിഹീനമായ ചുറ്റുപാടില്‍നിന്നോ ബാക്ടീരിയ ഭക്ഷണത്തില്‍ എത്തിയതാവാം എന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള റോഡ് സൈഡില്‍ ഭക്ഷ്യ വില്‍പ്പന സജീവമായതോടെ കര്‍ശന പരിശോധനയ്ക്ക് നേതൃത്വം കൊടുക്കാനൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
പരിശോധനയ്ക്കയച്ച സാമ്പിളികുളില്‍ ഇനിയും ഫലം വരാനുണ്ട്. പരിശോധനയും തുടരുന്നുണ്ട്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാഹനങ്ങളില്‍ ഭക്ഷണ വില്‍പ്പന ചെയ്യാന്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം. ഇത് വാഹനങ്ങളില്‍ പുറത്ത് നിന്ന് കാണുന്ന തരത്തില്‍ പതിക്കുകയും വേണം. ഇത് ഭക്ഷണം വാങ്ങിക്കാന്‍ പോവുന്നവര്‍ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Discussion about this post