കോഴിക്കോട്: ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രിലില്‍ നല്കിയ കിറ്റിന്റെ കമ്മീഷന് നല്‍കാത്തതാണ് കാരണം. ഇപോസ് മെഷീനിന്റെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. എന്നാല്‍ ഈ കിറ്റുകളുടെ വിതരണം ബഹിഷ്കരിക്കുമെന്നാണ് റേഷന്‍ വ്യാപാരികളുടെ ഭീഷണി. കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോള്‍ കാര്‍ഡ് ഒന്നിന് 20 രൂപ വീതം കമ്മീഷന് നല്‍കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാല്‍ അഞ്ച് രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചു. എന്നാല്‍ വിഷു കഴിഞ്ഞ് ഓണമെത്താറായിട്ടും പണം കിട്ടിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അതേസമയം സെര്‍വര്‍ തകരാര്‍ മൂലം ഇ പോസ് മെഷീനുകള്‍ അടിക്കടി തകരാറിലാകുന്നതും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇപോസ് മെഷീനിന്റെ സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ കട വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കം പതിവാണ്. സെര്‍വര്‍ തകരാര്‍ കാരണം ഓരോ മാസവും റേഷന്‍ വാങ്ങാനായി മൂന്ന് തവണയെങ്കിലും ആളുകള്‍ക്ക് റേഷന്‍ കടയില്‍ എത്തേണ്ട സാഹചര്യമാണ് ഉള്ളത്. 14000 റേഷന്‍ കടകളിലായി രണ്ട് കോടിയലധികം പേരാണ് ഓരോ മാസവും വരുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഉടനടി ഇതിനൊരു പരിഹാരം കണ്ടെത്തിയിലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
Discussion about this post