തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ചികിത്സാ കേന്ദ്രങ്ങളില്‍ പരിമിതി വരുന്ന സാഹചര്യം കണക്കിലെടുത്ത് വീടുകളില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ ബോര്‍ഡ്.
കോവിഡ് ബാധിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കുന്ന രീതി ഉടന്‍ ആരംഭിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്തെ 29 സര്‍ക്കാര്‍ ആശുപത്രികളിലാണ് കോവിഡ് ചികിത്സ നല്കുന്നത്.
രോഗികളുടെ എണ്ണം ഉയരുന്നതോടെ ഇപ്പോള്‍ മെഡിക്കല്‍ കോളെജ് ആശുപത്രികളില്‍ ഉള്‍പ്പെടെ കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ലാത്ത നിലയാണ്. ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പലയിടത്തും സൗകര്യങ്ങള്‍ കുറവാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും അലട്ടുന്നുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 45 ശതമാനത്തിലും ലക്ഷണങ്ങളില്ല. 30 ശതമാനം പേര്‍ക്ക് ചെറിയ ലക്ഷണങ്ങളാണ് ഉള്ളത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യം വരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം.
വിദഗ്ധ സമിതിയും ഇതേ നിര്‍ദേശം നല്കിയിട്ടുണ്ട്. അതേസമയം, രോഗലക്ഷണങ്ങളില്ലാത്തവരില്‍ പോലും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്‌സിയ, വൈറല്‍ മയോകാര്‍ഡൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.