കൊച്ചി; രഹ്ന ഫാത്തിമയെ മനുസ്മൃതിയും ഖുറാനും ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അതിനിടെയാണ് മനുസ്മൃതിയും ഖുറാനും ഉദ്ധരിച്ച് കുട്ടികളുടെ ജീവിതത്തില്‍ അമ്മയ്ക്കുള്ള സ്വാധീനം കോടതി വിശദീകരിച്ചത്.
അമ്മയില്‍ നിന്ന് കിട്ടുന്ന നല്ല പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തില്‍ അടിത്തറ പാകുന്നത്. അമ്മയ്ക്ക് പകരമാവാന്‍ മറ്റൊന്നില്ലെന്നും കഴിയില്ല. മാതൃത്വത്തിന് മഹനീയ സ്ഥാനമാണ് സമൂഹം കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. കുട്ടിക്ക് ലോകത്തിലേക്കുള്ള ജാലകം അവന്റെ അമ്മയാണെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ ജീവിതവും ധാര്‍മിക വീക്ഷണവും രൂപപ്പെടുത്തുന്നതില്‍ അമ്മയ്ക്ക് വലിയ പങ്കാണുള്ളതെന്നും കുട്ടികള്‍ക്ക് ജീവിതത്തോടുള്ള വീക്ഷണവും മനോഭാവവും ലക്ഷ്യബോധവുമൊക്കെ പകര്‍ന്നു കിട്ടുന്നത് അമ്മയില്‍ നിന്നാണെന്നും കോടതി വിശദീകരിച്ചു.
പ്രായപൂര്‍ത്തിയാകുമ്പോള്‍ എല്ലാവര്ക്കും സ്വന്തം നിലപാടുകളുണ്ടാവും. എന്നാല്‍ അമ്മയില്‍ നിന്ന് കിട്ടുന്ന പാഠങ്ങളാണ് അടിത്തറ. ജീവിതത്തിലെ പ്രതിസന്ധികളെ നനേരിടാനുള്ള വൈകാരിക പിന്തുണ നല്‍കുന്നതും അമ്മയാണ്. ജീവിതത്തിലെ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതും മാന്യതയ്ക്ക് വിലകല്‍പ്പിക്കണമെന്നും പഠിപ്പിക്കുന്നത് മാതാപിതാക്കളാണെന്നും കോടതി വ്യക്തമാക്കി.
കുട്ടികള്‍ക്ക് പകര്‍ത്താനാകുംവിധം സ്വന്തം ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പിന്തുടരാന് ശ്രമം വേണമെന്നും കോടതി രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് ശേഷം പറഞ്ഞു.
Discussion about this post