തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചരിത്രം തീര്‍ത്ത ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഗോത്രവിഭാഗത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാ ബുദ്ധിമുട്ടുകളില്ലാതെ ഇനി പഠിക്കാം. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുക്കിയിരിക്കുന്നത്.
പൂച്ചകളുടെയും കിളികളുടെയുമെല്ലാം കഥകളും പാട്ടും തനത് ഗോത്രഭാഷയില്‍ അവര്‍ക്കും മുന്നിലെത്തും. മുഡുഗ ഭാഷയില്‍ അഗളി എല്‍പി സ്‌കൂളിലെ അധ്യാപികയായ ടി ആര്‍ വിദ്യയും, ഇരുള ഭാഷയില്‍ അഗളി എല്‍പി സ്‌കൂളിലെ സി രേശിയും കുറുമ്പ ഭാഷയില്‍ കക്കുപ്പടി സ്‌കൂളിലെ കലൈ ശെല്‍വിയുമാണ് ക്ലാസുകളുമായി വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലെത്തുന്നത്.
ആദ്യഘട്ടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സമഗ്രശിക്ഷാ കേരളയാണ് പദ്ധതി തയ്യാറാക്കി നടപ്പില്‍ വരുത്തിയത്. കൊവിഡ് പ്രതിസന്ധികാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറുമ്പോഴും എല്ലാ മേഖലയിലെയും വിദ്യാര്‍ത്ഥികളിലേക്കും വിദ്യാഭ്യാസമെത്തണമെന്ന കരുതലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഗോത്രാ ഭാഷയിലുള്ള പഠനവും സാധ്യമാക്കിയിരിക്കുന്നത്
ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കിയ വിവരം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.